മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യം ഫോട്ടോ: ഗോകുൽവയനാട് (വെഡ് ലോക്ക് ഫോട്ടോഗ്രാഫി) 

ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ! ക്യാമ്പിലെ വസ്ത്രങ്ങൾക്ക് 11 കോടി; വയനാട് ദുരന്തത്തിലെ സർക്കാർ ചെലവുകൾ പുറത്ത്

കൊച്ചി: വയനാട് ഉരുൾ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്. ഹൈകോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള റിപ്പോർട്ടിലാണ് ഭീമൻ കണക്കുകളുടെ വിശദ വിവരങ്ങളുള്ളത്.

ദുരിതബാധിതർക്ക് നൽകിയതിനേക്കാൾ തുക വളന്‍റിയർമാർക്ക് ചെലവഴിച്ചതായി കണക്കുകൾ പറയുന്നു. ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപയാണ് ചെലവ്. 359 മൃതദേഹങ്ങൾക്ക് 2.76 കോടി രൂപ ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുള്ള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച് നൽകിയിരുന്നു. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചെലവായെന്നാണ് പറയുന്നത്.

കോടികളുടെ സർക്കാർ കണക്കുകൾ പുറത്തുവന്നതോടെ ഇതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന ആക്ഷേപവും ശക്തമായി. വളന്‍റിയര്‍മാരുടെയും സൈന്യത്തിന്‍റെയും യാത്രക്കും ഭക്ഷണത്തിനുമായി 14 കോടി രൂപയാണ് ചെലവ്. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് ഏഴു കോടി വരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വളന്‍റിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2.98 കോടി ചെലവായി. ബെയ്ലി പാലത്തിന്റെ നിർമാണത്തിന് ഒരു കോടി രൂപയും. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിങ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹനങ്ങൾ ഉപയോഗിച്ച വകയിൽ 12 കോടി. മിലിട്ടറി-വളന്‍റിയർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി ചെലവായി.

എട്ടു കോടി രൂപയാണ് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ ചെലവ്. മെഡിക്കൽ പരിശോധന -എട്ടു കോടി, ഡ്രോൺ റഡാർ വാടക -മൂന്നു കോടി, ഡി.എൻ.എ പരിശോധന -മൂന്നു കോടി ചെലവായെന്നും റിപ്പോർട്ടിൽ പറയുന്നു. ദുരിതാശ്വാസ ക്യാമ്പിൽ നാലായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നത്.

കണക്കുകൾ ഒറ്റനോട്ടത്തിൽ;

മൃതദേഹങ്ങൾ സംസ്കരിക്കാൻ -2.76 കോടി

ദുരിതാശ്വാസ ക്യാമ്പിലെ വസ്ത്രങ്ങൾക്ക് -11 കോടി

ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ -ഏഴു കോടി

ദുരിതബാധിതരെ വാഹനങ്ങളിൽ ഒഴിപ്പിക്കാൻ -12 കോടി

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണം -എട്ടു കോടി

സൈന്യത്തിന്‍റെയും വളന്‍റിയർമാരുടെയും ഭക്ഷണം -10 കോടി

സൈന്യത്തിന്‍റെയും വളന്‍റിയർമാരുടെയും യാത്ര -നാലു കോടി

മെഡിക്കൽ പരിശോധന -എട്ടു കോടി

Tags:    
News Summary - 75,000 rupees to bury a dead body! Government expense on Mundakai Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.