fake drugs

മരുന്ന് മാറി നൽകിയ സംഭവം: എട്ടുമാസം പ്രായമുള്ള കുട്ടി ആശുപത്രി വിട്ടു; മെഡിക്കൽ ഷോപ് വെള്ളിയാഴ്ചയും തുറന്നു പ്രവർത്തിച്ചില്ല

കണ്ണൂർ: പീഡിയാട്രീഷൻ കുറിച്ച മരുന്നിനു പകരം വീര്യം കൂടിയ മരുന്ന് മാറിനൽകി ഗുരുതരാവസ്ഥയിൽ ചികിത്സയിലായ കുട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകൻ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് മരുന്ന് മാറിയതിനെ തുടർന്ന് കരളിന് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിൽ അഞ്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞത്.

വെള്ളിയാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായത്. 20 ദിവസം അണുബാധയേൽക്കാതെ അതിസൂക്ഷ്മതയോടെ കുട്ടിയെ പരിചരിക്കണമെന്ന നിർദേശം നൽകിയാണ് കുട്ടിയെ ആശുപത്രിയിൽനിന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തത്.

ഇക്കഴിഞ്ഞ എട്ടിനാണ് പനി ബാധിച്ച കുട്ടിയെ പഴയങ്ങാടിയിലെ പീഡിയാട്രീഷനെ കാണിച്ചത്. കാൾ പോൾ (പാരസൈറ്റ മോൾ) സിറപ്പ് മരുന്നാണ് ഡോക്ടർ കുറിച്ചതെങ്കിലും മെഡിക്കൽ ഷോപ്പിൽനിന്ന് അധിക ഡോസിലുള്ള കാൾപോൾ ഡ്രോപ്സാണ് നൽകിയത്. വീണ്ടും പീഡിയാട്രീഷനെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയതായി കണ്ടെത്തിയത്.

കുട്ടിയുടെ രക്ത പരിശോധന നടത്തിയ ശേഷം പീഡിയാട്രീഷന്റെ നിർദേശാനുസാരം അടിയന്തര ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കുട്ടിയുടെ പിതൃസഹോദരൻ ഇ.പി. അഷ്റഫിന്റെ പരാതിയിൽ പഴയങ്ങാടി ടൗണിലെ കദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് മെഡിക്കൽ ഷോപ്പിനെതിരെ ജനരോഷം ഉയർന്നിരുന്നു. ഇതിന്റെ ഫലമായി ഷോപ് വെള്ളിയാഴ്ചയും തുറന്നു പ്രവർത്തിച്ചില്ല. 

Tags:    
News Summary - 8-month old baby in critical condition after given wrong medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.