മുട്ടം (തൊടുപുഴ): നാലാംക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 80 വർഷം കഠിനതടവും 4,50,000 പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ എട്ടുവർഷംകൂടി തടവ് അനുഭവിക്കണം. കോടിക്കുളം കോട്ടക്കവല നടുകുടിയിൽ സോയ്‌സ് ജോർജിനെയാണ് (34) തൊടുപുഴ പോക്‌സോ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം തടവ് ജയിലിൽ കിടന്നാൽ മതി. 2015 നവംബർ, ഡിസംബർ മാസങ്ങളിൽ കുട്ടിയെ പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പീഡനത്തെ തുടർന്ന് കുട്ടി സ്‌കൂളിൽ പോകാൻ മടിച്ചതിനെത്തുടർന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയിരുന്നു. അവിടെ മാനസിക അസ്വസ്ഥത കാട്ടിയതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം ഡോക്ടറോട് പറഞ്ഞത്. ഡോക്ടർ ഇടുക്കി ചൈൽഡ് വെൽെഫയർ കമ്മിറ്റിയെ വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സഹപാഠിയെയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി തെളിഞ്ഞു. ഫോറൻസിക് പരിശോധനയിൽ പ്രതിയുടെ ഫോണിലും ലാപ്‌ടോപ്പിലും ഒട്ടേറെ അശ്ലീല വിഡിയോകളും ഫോട്ടോകളും കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.