തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഞായറാഴ്ച മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിക്കും. റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താല ഇട്ടോണം സെന്ററിൽ രാവിലെ 11 മണിക്ക് നടക്കും.
ഇതേസമയം 800 റോഡുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്. 800 റോഡുകളിലായി 1840 കിലോമീറ്റർ റോഡ് 150 കോടി രൂപ ചെലവിലാണ് ഒരുക്കിയിരിക്കുന്നത്.
2018, 2019 പ്രളയത്തിൽ തകർന്നതും റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പുനരുദ്ധരിച്ചത്. 140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 1000 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
ഇതുവരെ 10680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് ഇതിനകം പൂർത്തിയായത്. തിരുവനന്തപുരം 22 റോഡ്, കൊല്ലം- 19, പത്തനംതിട്ട- 49, ആലപ്പുഴ- 60,കോട്ടയം 94, ഇടുക്കി 34, എറണാകുളം 61, തൃശൂർ 50, പാലക്കാട് 43, മലപ്പുറം 140, വയനാട് 16, കോഴിക്കോട് 140, കണ്ണൂർ 54, കാസറഗോഡ് 18 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ റോഡ് നിർമാണം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.