തിരുവനന്തപുരം: കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഒാൺലൈൻ പഠനം നടപ്പാക്കിയതിൽ കേരളം ഒന്നാമത്. 91 ശതമാനം പേർക്കും കേരളം ഒാൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കിയെന്ന് ആന്വൽ സ്റ്റാറ്റസ് ഒാഫ് എജുക്കേഷൻ റിപ്പോർട്ടിൽ (എ.എസ്.ഇ.ആർ 2021) പറയുന്നു.
79.6 ശതമാനം കുട്ടികൾക്ക് ഒാൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കിയ ഹിമാചൽ പ്രദേശാണ് കേരളത്തിന് പിന്നിൽ. എന്നാൽ ബിഹാറിൽ 10.1ഉം പശ്ചിമ ബംഗാളിൽ 13.3ഉം ഉത്തർപ്രദേശിൽ 13.9ഉം ശതമാനം വിദ്യാർഥികൾക്കാണ് കോവിഡ് കാലത്ത് വിദ്യാഭ്യാസ സൗകര്യം ലഭിച്ചത്. തമിഴ്നാട്ടിൽ ഇത് 27.4 ശതമാനവും കർണാടകയിൽ 34.1 ശതമാനവുമാണ്. ദേശീയ ശരാശരി 24.2 ശതമാനമാണ്.
കേരളത്തിൽ 97.5 ശതമാനം കുട്ടികൾക്കും വീട്ടിൽ സ്മാർട്ഫോൺ സൗകര്യമുള്ളതായും സർവേ പറയുന്നു. ഇൗ വിഭാഗത്തിലും ദേശീയതലത്തിൽ കേരളം തന്നെയാണ് മുന്നിൽ. ദേശീയ ശരാശരി 67.6 ശതമാനമാണ്. ഹിമാചൽ പ്രദേശാണ് (95.6 ശതമാനം) ഇൗ വിഭാഗത്തിലും കേരളത്തിന് പിന്നിലുള്ളത്. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങൾ ഇൗ വിഭാഗത്തിൽ ദേശീയശരാശരിക്ക് താഴെയാണ്. കേരളത്തിലെ 81.4 ശതമാനം കുട്ടികൾക്കാണ് വീട്ടിലിരുന്ന് പഠനത്തിന് കുടുംബത്തിൽനിന്ന് പിന്തുണ ലഭിച്ചത്.
ഹിമാചൽപ്രദേശ് (84.8), ചത്തീസ്ഗഡ് (83.1) സംസ്ഥാനങ്ങൾ ഇതിൽ കേരളത്തിന് മുന്നിലാണ്. കേരളത്തിലെ 97.1 ശതമാനം പേർക്കും പാഠപുസ്തകങ്ങൾ ലഭിച്ചു. ആറിനും 14നും മധ്യേ പ്രായമുള്ള 2.9 ശതമാനം കുട്ടികൾ ഇൗ കാലയളവിൽ കേരളത്തിൽ സ്കൂളിൽ എൻറോൾ ചെയ്തില്ല. 4.6 ശതമാനമാണ് ദേശീയ ശരാശരി.
കേരളത്തിൽ 2021ൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ രക്ഷിതാക്കളിൽ 80.4 ശതമാനവും ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ്. കൈറ്റിന് കീഴിൽ വിക്ടേഴ്സ് ചാനലിലൂടെയും ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും നടത്തിയ 'ഫസ്റ്റ്ബെൽ' ക്ലാസുകളാണ് ഒാൺലൈൻ വിദ്യാഭ്യാസത്തിൽ കേരളത്തെ മുന്നിലെത്തിച്ചത്.
കോവിഡ് കാലത്തെ ഒാൺലൈൻ വിദ്യാഭ്യാസത്തിൽ കേരളം മികച്ച നേട്ടമാണ് എത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം. ഇനിയും ഇക്കാര്യത്തിൽ നമ്മൾ മുന്നേറേണ്ടതുണ്ട്. ഡിജിറ്റൽ വിഭജനം പൂർണമായി പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.