92.6 ശതമാനം പേർ ഓണക്കിറ്റ് വാങ്ങി

തൃശൂർ: ഉത്രാട ദിനത്തിൽ എല്ലാവർക്കും ഓണക്കിറ്റ് എത്തിക്കുന്നതിനായി പൊതു വിതരണ വകുപ്പ് നടത്തിയ പാച്ചിൽ ഏതാണ്ട് ലക്ഷ്യം കണ്ടു.

ഓണത്തിന് മുമ്പേ 92.6 ശതമാനം പേർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാനായി. 94 ശതമാനം പേർക്ക് കിറ്റ് നൽകുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപനം. ബുധനാഴ്ച രാത്രി എട്ടുവരെ ഓണക്കിറ്റ് വിതരണം നടത്തുമെന്ന് രാവിലെ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചിരുന്നു. രാത്രി എട്ടിന് കണക്ക് പരിശോധിച്ചപ്പോൾ 92,51,094 കാർഡ് ഉടമകളിൽ 85,67,283 പേർക്ക് ഓണക്കിറ്റ് ലഭിച്ചു.

നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും 1.4 ശതമാനം പേർക്ക് ഒഴികെ കിറ്റ് നൽകാനായി. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ കാർഡുകൾ (മഞ്ഞ) മൊത്തം 5,89,114 എണ്ണമാണ് സംസ്ഥാനത്തുള്ളത്.

ഇതിൽ 5,73,938 പേർ ഇതുവരെ കിറ്റ് വാങ്ങി. 35,13,399 മുൻഗണന കാർഡുകളിൽ (പിങ്ക്) 34,26,976 കുടുംബങ്ങൾക്ക് കിറ്റ് ലഭിച്ചു. 23,34,649 സംസ്ഥാന സബ്സിഡി കാർഡുകളിൽ (നീല) 21,87,786 പേർക്കും പെതുവിഭാഗത്തിൽ (വെള്ള) 28,23,618 കാർഡുകളിൽ 23,78,673 പേർക്കും കിറ്റുകൾ നൽകി.

കിറ്റുകൾ തികയാതെ വന്നതോടെ ചിലയിടങ്ങളിൽ കുറച്ചു പേർക്ക് കിട്ടാത്ത സാഹചര്യമുണ്ടായി. കിറ്റ് അന്വേഷിച്ച് എത്തിയിട്ടും കിട്ടാത്തവരുടെ പേരുകൾ റേഷൻകടകളിൽ എഴുതിവെച്ചിട്ടുണ്ട്. ഇവർക്ക് ഉടൻ വിതരണം ചെയ്യും. റേഷൻകടകളിലേക്കുള്ള വിതരണത്തിലെ പാളിച്ചമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥ നിഗമനം.

റേഷൻകടകളിലെ കാർഡുകൾക്ക് അനുസരിച്ച് കിറ്റ് നൽകുന്നതിൽ പാളിച്ച പറ്റിയെന്നാണ് വിശകലനം. മന്ത്രി പറഞ്ഞതോടെ രാത്രി എട്ടുവരെ റേഷൻകടക്കാർവിതരണത്തിന് സഹകരിച്ചു.

News Summary - 92.6 percent people bought Onam kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.