തിരുവനന്തപുരം: വിദ്യാർഥികൾക്ക് സ്കൂളുകളിലെ 967 കേന്ദ്രങ്ങളിലൂടെ ബുധനാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരുക്കം പൂർണമാക്കാൻ സ്കൂളുകളിൽ ചൊവ്വാഴ്ച പി.ടി.എ യോഗം ചേരും. തദ്ദേശ സ്ഥാപന, രാഷ്ട്രീയ കക്ഷി പ്രതിനിധികളെ പങ്കെടുപ്പിക്കും. അന്നുതന്നെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സൗകര്യം വിലയിരുത്തുകയും ചുമതല നൽകുകയും ചെയ്യും.
500ലധികം കുട്ടികളുള്ള സ്കൂളുകളാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ. വാക്സിനേഷൻ സൗകര്യം ഇല്ലാത്ത സ്കൂളുകളിൽ തൊട്ടടുത്ത കേന്ദ്രങ്ങളിലൂടെ നൽകുന്നത് പരിഗണിക്കും. 8.14 ലക്ഷം കുട്ടികൾ വാക്സിന് അർഹരാണ്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂവെന്നും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.
51 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി. 49 ശതമാനത്തിനാണ് ഇനി നൽകേണ്ടത്. സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സൗകര്യമൊരുക്കും. രജിസ്ട്രേഷനും വാക്സിനേഷനും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ എടുത്തവർക്ക് നിരീക്ഷണത്തിനും പ്രത്യേകം മുറികൾ സജ്ജമാക്കും. അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനം ഉറപ്പാക്കും. ഭിന്നശേഷി കുട്ടികൾക്ക് വാക്സിനേഷൻ വേണ്ടെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കൈറ്റ് വിക്ടേഴ്സ് വഴി ദിവസവും വാക്സിൻ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം ശേഖരിക്കും. ജനുവരി 22, 23 തീയതികളിൽ സ്കൂളുകൾ പി.ടി.എ പിന്തുണയോടെ ശുചീകരിക്കും. സ്കൂൾ തുറന്നപ്പോൾ കോവിഡ് മാർഗരേഖ കർശനമായി നടപ്പാക്കിയിരുന്നു. പിന്നീട് ഗൗരവം കുറഞ്ഞുവന്നു. മാർഗരേഖ കർശനമായി പാലിക്കുന്ന വിഷയവും പി.ടി.എ ചർച്ച ചെയ്യും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിനും ആരോഗ്യ മന്ത്രിയുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.