തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കസ്റ്റഡിയിൽ ആത്മഹത്യക്ക് ശ്രമിച്ചതിനാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗ്രീഷ്മയുടെ സ്ഥിതി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഒരു ദിവസം കൂടി ഐ.സി.യുവിൽ തുടരാനും ആരോഗ്യനില തൃപ്തികരമാണെങ്കിൽ ബുധനാഴ്ച ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റാനുമാണ് തീരുമാനം.
അതിന്‍റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടര്‍നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഗ്രീഷ്മയുമായും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
മെഡിക്കൽ കോളജ് ഐ.സി.യുവിൽ കഴിയുന്ന ഗ്രീഷ്മക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫിസ് ശുചിമുറിയിലെ അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മയുടേത് ആത്മഹത്യാനാടകമെന്ന ആക്ഷേപവും ശക്തമാണ്. ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട് രണ്ട് വനിത പൊലീസുകാരെ സസ്‍പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.