തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിർദേശങ്ങളടങ്ങിയ മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണ ജോർജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സ്കൂളുകള്‍ വൃത്തിയാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുമായി വിവിധതലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖ വിശദീകരിക്കുന്നു.
അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദ മാര്‍ഗരേഖ പിന്നീട് ഇറക്കും. സ്കൂള്‍തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.ടി.എ യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ല, പഞ്ചായത്തുതല മുന്നൊരുക്ക യോഗങ്ങള്‍ എന്നിവ ചേരും. ജില്ലതലത്തില്‍ കലക്ടറുടെയും ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തും.
കരട് മാര്‍ഗരേഖ മുഖ്യമന്ത്രി പരിശോധിച്ച് ഭേദഗതികൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുശേഷം ഒൗേദ്യാഗികമായി പുറത്തിറക്കും.
ചൊവ്വാഴ്ച നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഒാഫിസിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവരും സംബന്ധിച്ചു.
●ആദ്യഘട്ടത്തില്‍ ക്ലാസുകൾ ഉച്ചവരെ.
●ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല.
● ഇൻറര്‍വെല്‍, സ്കൂള്‍ ആരംഭിക്കുന്ന സമയം, സ്കൂള്‍ വിടുന്ന സമയം എന്നിവയില്‍ വ്യത്യാസം വരുത്തി കൂട്ടംചേരല്‍ ഒഴിവാക്കും.
● പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകണം
●ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല
●അധ്യാപകരും അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തിരിക്കണം
● സ്കൂളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കണം. ലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ വേണം.
●നേരിട്ടെത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനരീതി തുടരും.
●സ്കൂള്‍തല ഹെൽപ് ലൈന്‍ ഏര്‍പ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.