ചെറുവത്തൂർ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന ദമ്പതികൾ പൊലീസ് പിടിയിൽ. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്ട്ര ഐ. ടി. കമ്പനികളിൽ എൻജീനീയർ ജോലി വാഗ്ദാനം ചെയ്ത് ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി സ്വദേശിയിൽ നിന്ന് പണം തട്ടിയ പ്രതികളാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി എസ്. ശരണ്യ, ഭർത്താവ് പാലക്കാട് നെന്മാറയിലെ മനു എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ നിർദ്ദേശപ്രകാരം ആലപ്പുഴ കലവൂരിൽ നിന്നും ചീമേനി എസ്.എച്ച് ഒ കെ .അജിതയും സംഘവും അറസ്റ്റ് ചെയ്തത്.
വിവിധ മേൽവിലാസങ്ങളിൽ സിം കാർഡുകൾ കരസ്ഥമാക്കിയും ഒളിവിൽ കഴിയുന്ന വിലാസങ്ങളിൽ ആധാർ കാർഡുകൾ സമ്പാദിച്ചുമാണ് ഇവർ നാല് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. തമിഴ് നാട്ടിലും കേരളത്തിൽ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവർ ആളുകളെ കബളിപ്പിച്ചിരുന്നത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ ചീമേനി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയത്. അവിടെയും അന്വേഷണമാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികൾ അവലംബിച്ചത്.
അന്വേഷണ സംഘത്തിൽ എസ്. എച്ച് .ഒ. കെ. അജിത, എ.എസ്. ഐ മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കുഞ്ഞി വീട്ടിൽ, പി.ശ്രീകാന്ത് ,സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹോസ്ദുഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.