ജനങ്ങളിൽനിന്ന് എട്ട് മീറ്റർ അകലം പാലിക്കണം, ബാരിക്കേഡ് വേണം; ആന എഴുന്നള്ളിപ്പിന് മാർഗരേഖയുമായി ഹൈകോടതി

കൊച്ചി: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് കർശന മാർഗ നിർദേശങ്ങളുമായി ഹൈകോടതി. ജനങ്ങളിൽനിന്ന് എട്ട് മീറ്റർ അകലം പാലിക്കാനാകുമെങ്കിൽ മാത്രമേ ഉത്സവങ്ങൾക്ക് ആനകളെ അനുവദിക്കാവൂ, ആനകൾക്കും ജനങ്ങൾക്കും ഇടയിൽ ബാരിക്കേഡ് വേണം തുടങ്ങിയവയടക്കമാണ് ഹൈകോടതി മാർഗനിർദേശം.

നാട്ടാന പരിപാലനം സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള സ്വമേധയ ഹരജിയിലാണ് 2012ലെ കേരള നാട്ടാന പരിപാലന സംരക്ഷണ ചട്ടവും 2015ലെ സുപ്രീംകോടതി ഉത്തരവും പരിഗണിച്ച് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. 2018 മുതൽ 160 നാട്ടാനകൾ ചെരിഞ്ഞ സാഹചര്യത്തിൽ പുതിയ ചട്ടമുണ്ടാക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

ചൂട് കൂടിയ സെപ്റ്റംബർ മുതൽ മേയ് വരെയാണ് ഉത്സവകാലം. ഉത്സവമുള്ളിടങ്ങളിൽ ആനയുണ്ടാകുമെന്ന് മാത്രമല്ല, ആനകളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ മത്സരവുമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആനകൾ എത്ര വേണം എന്ന കാര്യത്തിൽ മത്സരവും ഉണ്ട്. എന്നാൽ, മതാചാരങ്ങളിൽ ആനകൾ അനിവാര്യമാണെന്ന് കരുതാനാവില്ല. നാട്ടാനകൾ പോളണ്ടിലെ മനുഷ്യരെ ഉന്മൂലനം ചെയ്യാൻ നാസികൾ ആരംഭിച്ച ‘‘ട്രെബ്ലിങ്ക ക്യാമ്പിൽ’ അകപ്പെട്ട അവസ്ഥയിലാണെന്ന് കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. 2022 ലെ ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവും നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളെ കേസിൽ കക്ഷി ചേർത്തു.

ഹൈകോടതി മാർഗ നിർദേശങ്ങൾ:

1.തുടർച്ചയായി മൂന്ന് മണിക്കൂറിലധികം ആനകളെ എഴുന്നള്ളിക്കരുത്

2. രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനുമിടയിൽ റോഡിലൂടെയും രാത്രി 10 നും പുലർച്ച നാലിനുമിടയിൽ വാഹനത്തിലും ആനകളെ കൊണ്ടുപോകരുത്. ഒരു ദിവസം 30 കിലോമീറ്ററിലധികം ദൂരം കൊണ്ടുപോകണമെങ്കിൽ വാഹനത്തിലേ പാടുള്ളൂ. 125 കിലോമീറ്ററിലധികമുണ്ടെങ്കിൽ വാഹനത്തിലാണെങ്കിലും കൊണ്ടുപോകരുത്. തുടർച്ചയായി ആറ് മണിക്കൂറിലധികം നേരം ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിലധികമാകരുത്, വാഹനത്തിൽ സ്പീഡ് ഗവേണർ ഉണ്ടെന്നും 24 മണിക്കൂറിനുള്ളിൽ എട്ട് മണിക്കൂർ നേരം ആനക്ക് വിശ്രമം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

3. 2012 ലെ ചട്ടപ്രകാരം രൂപവത്കരിച്ച ജില്ല കമ്മിറ്റിയിൽ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രതിനിധിയെ ഉൾപ്പെടുത്തണം, എഴുന്നള്ളിക്കാനുള്ള അനുമതിക്ക് ഒരു മാസം മുമ്പ് ജില്ല സമിതിക്ക് അപേക്ഷ നൽകണം, എഴുന്നള്ളിക്കുന്ന സമയവും സ്ഥലവും നൽകണം, ഭക്ഷണവും വെള്ളവുമടക്കം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല സമിതി ഉറപ്പാക്കണം, ഒരു പ്രദർശനത്തിന് ശേഷം കുറഞ്ഞത് മൂന്ന് ദിവസത്തെ വിശ്രമം ലഭ്യമാക്കണം, എഴുന്നള്ളിക്കുന്ന ആനക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുന്നതും മദപ്പാട് വ്യക്തമാക്കുന്നതുമായ സർട്ടിഫിക്കറ്റുകൾ വേണം, ഒരു വർഷത്തിനുള്ളിൽ ആന ഇടഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന രേഖ വേണം.

4. ആനകളെ തളക്കാൻ മതിയായ സൗകര്യം വേണം

5. ജനങ്ങൾക്കും ആനകൾക്കുമിടയിൽ ബാരിക്കേഡ് വേണം

6. രണ്ടാനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണം, തീപന്തമുണ്ടെങ്കിൽ അഞ്ച് മീറ്റർ അകലം വേണം, വെടിക്കെട്ട് നടക്കുന്നിടത്ത് നിന്ന് ആനകളെ 100 മീറ്റർ അകലെ നിർത്തണം, വെയിലത്ത് നിർത്തരുത്, അടിയന്തര സാഹചര്യത്തിൽ മാറ്റാൻ പ്രത്യേക സ്ഥലം വേണം

7.സർക്കാർ വെറ്ററിനറി ഡോക്ടർ നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കാവൂവെന്ന് വ്യക്തമാക്കി സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണം

8. ദേവസ്വങ്ങൾക്ക് എലഫന്‍റ് സ്ക്വാഡും ഇടഞ്ഞോടുന്ന ആനകളെ തളക്കാൻ ക്യാപ്ചർ ബെൽറ്റും ആവശ്യമില്ല.

Tags:    
News Summary - A distance of eight meters should be kept from the people; Guidelines for elephant parades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.