എ.ഐ നിർമിത ചിത്രം

‘ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കും, ഉള്ളം കാലിൽ നുള്ളും...’ ക്രൂരത വിവരിച്ച് സി.ഡബ്ല്യു.സിയിലെ മുൻ ആയ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയി​ൽ കഴിയുന്ന കുഞ്ഞുങ്ങളോട് ആയമാർ ചെയ്യുന്ന ക്രൂരത വിവരിച്ച് ​മുൻ ആയ. മാതാപിതാക്കൾ ഉപേക്ഷിക്കുകയോ മര​ണപ്പെടുകയോ ചെയ്തതിനെ തുടർന്ന് അഭയം തേടിയെത്തുന്ന കുഞ്ഞുമക്കളോട് കണ്ണില്ലാത്ത ക്രൂരതയാണ് ചില ആയമാർ ചെയ്യുന്നതെന്ന് ഇവർ വെളി​പ്പെടുത്തി. മൂന്ന്, നാല് വയസ്സുകാരായ കുട്ടികളെ വരെ ഇത്തരത്തിൽ അതിക്രമത്തിനിരയാക്കാറുണ്ട്.

പിഞ്ചുകുട്ടികളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കുന്നതായും സി.സി.ടി.വി നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളിൽ വെച്ച് മർദിക്കുന്നതായും ഇവർ പറഞ്ഞു. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കും. ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണ്. കുട്ടികളെ കുളിപ്പിക്കുമ്പോൾ ഉള്ളംകാലിൽ നുള്ളി വേദനിപ്പിക്കും. എപ്പോഴും വയറിളക്കമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേർന്ന് ചീർപ്പ് കൊണ്ട് തുടർച്ചയായി അടിച്ചു. ഈ കുഞ്ഞ് തന്നോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അടികിട്ടിയ ഭാഗത്ത് ​ചീർപ്പിന്റെ പാട് പതിഞ്ഞിരുന്നു. കാഴ്ചയില്ലാത്ത കുട്ടികളെ മാനസികമായി പീഡിപ്പിക്കും. കുട്ടികളെ അടിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവർ അതുപോലെ തിരിച്ചുകയറും. കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ഇവർ പറഞ്ഞു.

ഇപ്പോൾ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികൾ ആയവർ നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞാൽ താത്കാലികമായി ഇവരെ പുറത്താക്കും. പാർട്ടി ഇടപെട്ട് പിന്നീട് വീണ്ടും നിയമനം നൽകുമെന്നും മുൻ ആയ പറഞ്ഞു.

അതേസമയം, കുട്ടിയെ ഉപദ്രവിച്ച മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പതിവായി കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിൽ ഇതേക്കുറിച്ച് ആയമാർ പരസ്പരം പറഞ്ഞിരുന്നുവത്രെ.

മാതാപിതാക്കൾ നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് ക്രൂരമായാണ് ആയമാര്‍ പെരുമാറിയത്. ജനനേന്ദ്രിയത്തിൽ നുള്ളിയതിനെ തുടർന്ന് കുട്ടി വേദനകൊണ്ട് കരയുമായിരുന്നുവത്രെ. ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മറ്റൊരു ആയയാണ് വിവരം പുറത്തറിയിച്ചത്.

ഈ കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തതായി പ്രധാന പ്രതി അജിത കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയിൽ വെച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഇത്കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

മർദനത്തിനിരയായ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയ ആണ്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്.

ക്രൂരമായി മുറിവേറ്റുവെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Tags:    
News Summary - CWC former care taker describes brutality of child welfare panel caretakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.