കണ്ണൂർ: ഇരിക്കൂർ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ തുടങ്ങിയ പൊരിഞ്ഞ ഗ്രൂപ്പ് പോരിന് അറുതി. രണ്ടാഴ്ച നീണ്ട പരസ്പര വിഴുപ്പലക്കൽ നിർത്തി മഞ്ഞുരുക്കത്തിന് സ്ഥാനാർഥി സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയായി. ശ്രീകണ്ഠപുരത്ത് നടന്ന കൺവൻഷനിൽ സോണി സെബാസ്റ്റ്യൻ ഒഴികെയുള്ള എ ഗ്രൂപ്പ് നേതാക്കൾ മിക്കവരും പങ്കെടുത്തു. വ്യക്തിപരമായ പ്രശ്നം കാരണമാണ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് സോണി സെബാസ്റ്റ്യൻ അറിയിച്ചു. ഒരുവിഭാഗം എ ഗ്രൂപ്പ് നേതാക്കളും പങ്കെടുത്തിട്ടില്ല.
സ്ഥാനാർഥി നിർണയം മുതൽ എതിർപ്പുമായി തെരുവിലിറങ്ങിയ എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് പിന്മാറിയത്. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് തട്ടിയെടുത്തുവെന്നാരോപിച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ അടക്കമുള്ള നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. ഒത്തുതീർപ്പിലെത്തിയതോടെ രാജി തീരുമാനം പിൻവലിച്ചു. ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഉൾപ്പെടെ എ ഗ്രൂപ്പിനു നൽകാമെന്ന് ഉമ്മൻ ചാണ്ടി നേതാക്കളെ അറിയിച്ചിരുന്നു. സോണി സെബാസ്റ്റ്യന് രാജ്യസഭ സീറ്റ് നൽകാനും ധാരണയായതായി സൂചനയുണ്ട്.
വിയോജിപ്പുകൾ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. വിഭാഗീയത അടഞ്ഞ അധ്യായമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ പറഞ്ഞു. അതേസമയം, പ്രശ്ന പരിഹാരം ആയിട്ടില്ലെന്നും രണ്ടുദിവസത്തിനകം പരിഹാരമാകുമെന്നും കെ. സുധാകരൻ എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.