കണ്ണൂർ: പാനൂരിൽ നാദാപുരം മോഡൽ വർഗീയ സംഘർഷത്തിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലീഗിലെ തീവ്രവാദികളായ ഒരു വിഭാഗം വ്യാപക അക്രമങ്ങൾ നടത്തിയതെന്നും സി.പി.എം നേതാവ് പി. ജയരാജൻ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് 'സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയൽ' നിയമം പ്രയോഗിച്ച് പൊലീസ് ആവശ്യമായ നടപടികൾ കൈക്കൊള്ളണം - പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പാനൂരിൽ മുസ്ലിം ലീഗ് ക്രിമിനലുകൾ കഴിഞ്ഞ ദിവസം വ്യാപക അക്രമമാണ് നടത്തിയത്. നിരവധി പാർട്ടി ഓഫിസുകളും കടകളും വീടുകളും കത്തിച്ചു. സി.പി.ഐ.എം അനുഭാവികൾ പോലുമല്ലാത്ത ആളുകളെയും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഇത് 'സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയൽ' നിയമം പ്രയോഗിച്ച് പൊലീസ് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. ലീഗ് നേതൃത്വത്തിന്‍റെ സമ്മതത്തോടെയാണ് ഈ അക്രമങ്ങൾ നടന്നിട്ടുള്ളത്. കാരണം കഴിഞ്ഞ ദിവസം മാതൃഭൂമി ചാനൽ സംഘത്തെ ലീഗുകാർ ആക്രമിച്ചപ്പോൾ കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ലീഗ് നേതാവുമായ പൊട്ടങ്കണ്ടി അബ്ദുല്ല പറഞ്ഞത് 'അവർക്ക് രണ്ട് കിട്ടട്ടെ' എന്നായിരുന്നുവെന്ന് ഇന്ന് മാധ്യമങ്ങളിൽ വാർത്ത കണ്ടു. പാനൂരിൽ നാദാപുരം മോഡൽ വർഗീയ സംഘർഷത്തിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലീഗിലെ തീവ്രവാദികളായ ഒരു വിഭാഗം വ്യാപക അക്രമങ്ങൾ നടത്തിയത്. ഇത്തരം പ്രവണതകൾ തടയാൻ ലീഗ് നേതൃത്വം ഇടപെടണം. ഇന്നിപ്പോൾ നാദാപുരം സ്വദേശികളായ അഞ്ച് ക്രിമിനലുകൾ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. അതേസമയം, കണ്ണൂരിൽ നടന്ന സമാധാന ചർച്ചയിൽ നിന്ന് ഇറങ്ങി പോവുകയാണ് യു.ഡി.എഫ് നേതാക്കൾ ചെയ്തത്. ഇത് സമൂഹത്തോട് മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.