പുനലൂർ: ട്രക്കിങ്ങിനിടയിൽ ഉൾവനത്തിൽ 10 മണിക്കൂറോളം കുടുങ്ങിയ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട 32 അംഗ സംഘത്തെ രക്ഷപ്പെടുത്തി. അതിർത്തി മലയായ അച്ചൻകോവിൽ കോട്ടവാസൽ തൂവൽമല ജണ്ടപ്പാറ വനത്തിലാണ് ഓച്ചിറ ക്ലാപ്പന ഷൺമുഖ വിലാസം എച്ച്.എസ്.എസ്.സിൽനിന്നുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും അധ്യാപകരും ഞായറാഴ്ച രാത്രി കുടുങ്ങിയത്.
കനത്തമഴയും മൂടൽമഞ്ഞും കാട്ടാന സാന്നിധ്യവുമാണ് യാത്ര മുടക്കിയത്. ഞായറാഴ്ച രാവിലെ 11.30ഓടെ കോട്ടവാസൽ വനം ചെക്പോസ്റ്റിന് സമീപത്തുകൂടിയാണ് ഉൾവനത്തിലേക്ക് പോയത്. വഴികാട്ടികളായി രണ്ട് ഫോറസ്റ്റ് ഗൈഡുകളും ഉണ്ടായിരുന്നു. വൈകീട്ട് നാലോടെ തിരിച്ചിറങ്ങാൻ ശ്രമിച്ചപ്പോൾ കനത്തമഴ പെയ്യുകയും കോടമഞ്ഞ് ഇറങ്ങുകയും ചെയ്തു. രാത്രി മൊബൈൽ വെട്ടത്തിലാണ് പ്രതികൂല സാഹചര്യം തരണംചെയ്തത്.
സംഘത്തിൽപ്പെട്ട ഗൈഡുകൾ മൊബൈൽ റേഞ്ചുള്ള ഭാഗത്തെത്തി വൈകീട്ട് ആറോടെ അച്ചൻകോവിൽ വനപാലകരെ വിവരമറിയിച്ചു. ചില വിദ്യാർഥികൾ മൊബൈലിലൂടെ രക്ഷാകർത്താക്കളെയും ബന്ധപ്പെട്ടു. വനപാലകരും പൊലീസും നാട്ടുകാരും സന്ധ്യയോടെ കോട്ടവാസലിലേക്ക് തിരിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും ഇരുട്ടും തിരച്ചിലിന് തടസ്സമായി.
കുട്ടികളുള്ള വനഭാഗത്തെക്കുറിച്ച് അറിവുള്ള നാട്ടുകാരും ഫോറസ്റ്റുകാരും അടങ്ങുന്ന 20 അംഗ സംഘം അർധരാത്രിയോടെ കുടുങ്ങിയവരുടെ അടുത്തെത്തി. അഞ്ചുപേരെ വീതം രക്ഷപ്പെടുത്തി കാടിന് പുറത്തെത്തിക്കുകയായിരുന്നു. ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വീടുകളിലേക്ക് യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.