തിരുവനന്തപുരം: ആധാരത്തിന്റെ രണ്ട് പേജ് ഫോട്ടോ കോപ്പിക്ക് രജിസ്ട്രേഷൻ വകുപ്പ് ഈടാക്കുന്നത് 345 രൂപ. ഈ ഫീസടച്ചാലും മിനിറ്റുകൾ കൊണ്ട് നൽകാവുന്ന പകർപ്പ് കൈയിൽ കിട്ടാൻ മൂന്നും നാലും ദിവസം കാത്തിരിക്കണം. രജിസ്ട്രേഷന് വകുപ്പ് ആധുനികവത്കരണത്തിലേക്ക് നീങ്ങുന്നുവെന്ന പ്രഖ്യാപനങ്ങൾക്കിടയിലാണ് നിസ്സാര സേവനങ്ങള്‍പോലും ഇഴഞ്ഞുനീങ്ങുന്നത്.
ആധാരത്തിന്റെ പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് തലസ്ഥാന ജില്ലയിലെ ചാല, കൊല്ലം ജില്ലയിലെ കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫിസുകളില്‍ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനമൊരുക്കിയത്. ആധാരങ്ങള്‍ മുഴുവൻ ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഫീസും, സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചാല്‍ ആധാരത്തിന്റെ ഓണ്‍ലൈൻ പകര്‍പ്പ് വേഗത്തില്‍ നല്കാവുന്ന സംവിധാനമാണ് രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത്.
ഈ രീതി സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാൽ, പൈലറ്റ് സംവിധാനം ഒരുക്കിയ സബ് രജിസ്ട്രാർ ഓഫിസുകളില്‍ പോലും കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം സുഗമമാക്കാന്‍ വകുപ്പിനായില്ല. ആധാരങ്ങളുടെ പകര്‍പ്പ്, ബാധ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ വേഗത്തില്‍ കിട്ടാനായി ഇരട്ടി ഫീസ് ഈടാക്കുന്ന രീതി നിലവിലുണ്ടെങ്കിലും ചാല, കൊട്ടാരക്കര ഓഫിസുകളിൽ ഈ സൗകര്യവും നൽകുന്നില്ല.
സെര്‍വര്‍ തകരാര്‍ കാരണം മിക്കദിവസവും ആധാരങ്ങളുടെ രജിസ്ട്രേഷന് മുടങ്ങുന്നെന്ന പരാതിയും വ്യാപകമാണ്. സഹകരണ ബാങ്കുകളില്‍ നിന്നും സബ് രജിസ്ട്രാർ ഓഫിസുകളിലേക്ക് അയക്കുന്ന ഗഹാനിൽ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള ഡിജിറ്റല്‍ ഒപ്പ് നല്കാൻ പോലും സാധിക്കുന്നില്ല. ഇതുകാരണം ഗഹാന് രജിസ്ട്രേഷന് പോലും പലപ്പോഴും നടക്കാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.