കോഴിക്കോട്: ബി.ജെ.പിക്ക് വേണ്ടി പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. മുഖ്യമന്ത്രിയുടെ ദൂതനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ കണ്ടു എന്ന തന്റെ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിച്ചു.
ആദ്യം അത് ഉണ്ടായില്ലാത്ത വെടിയാണെന്നാണ് ചിലര്‍ പറഞ്ഞത്. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ എല്ലാ സഹായവും ചെയ്തു തരാമെന്നതായിരുന്നു കൂടിക്കാഴ്ചയില്‍ കൈമാറിയ സന്ദേശം. അതിന് പകരമായി ഞങ്ങളെ ഉപദ്രവിക്കരുത് എന്നതായിരുന്നു ആവശ്യം. എല്ലാവിഭാഗം ജനങ്ങളും ഹൃദയത്തിലേറ്റുന്ന തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടി നടത്തിയ ഗൂഡാലോചനയും പുറത്തു വന്നിട്ടുണ്ട്. കമീഷണര്‍ അഴിഞ്ഞാടിയതു കൊണ്ടാണ് പൂരം കലങ്ങിയതെന്നും അയാളെ മാറ്റി എന്നതുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വച്ച പ്രതിരോധം.
എന്നാല്‍ ക്രമസമാധാന ചുമതലുള്ള എ.ഡി.ജി.പിയുടെ സന്നിധ്യം അവിടെയുണ്ടായിരുന്നു. കീഴ് ഉദ്യോഗസ്ഥന്‍ അഴിഞ്ഞാടിയപ്പോള്‍ അതിനോട് നോ പറയാന്‍ എ.ഡി.ജി.പി തയാറായില്ല. പൂരം നടത്താനുള്ള പ്ലാനുമായി കമ്മിഷണര്‍ എത്തിയപ്പോള്‍ അത് തള്ളിക്കളഞ്ഞ് എ.ഡി.ജി.പി പുതിയ പ്ലാന്‍ നിർദേശിച്ചുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. എ.ഡി.ജി.പിയുടെ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പൂരം കലക്കിയത്. പൂരം കലക്കിയത് കാഫിര്‍ വിവാദം പോലെ ഗൗരവമുള്ളതാണ്.
കാഫിര്‍ വിവാദത്തിലൂടെ സാമൂഹികമായ ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്തി ജയിക്കാനുള്ള തന്ത്രമായിരുന്നു. എന്നാല്‍ അത് പൊളിഞ്ഞു. വടക്കേ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിനു വേണ്ടി വിത്തുകള്‍ പാകുന്നതു പോലെ ഹൈന്ദവ വികാരം ഉണ്ടാക്കി തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് പൂരം കലക്കല്‍. പൂരം കലക്കിയതിനെ കുറിച്ചും അതില്‍ പങ്കാളികളായവരെ കുറിച്ചും ഗൂഡാലോചനയെ കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഉത്സവ സീസണുകളില്‍ വിപണിയിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഓണച്ചന്തകള്‍ തുടങ്ങുന്നത്. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയ വിചിത്ര തീരുമാനത്തോടെയാണ് ഈ സര്‍ക്കാര്‍ ഓണച്ചന്ത തുടങ്ങിയത്. ഇത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ? വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം തടയേണ്ട സര്‍ക്കാരാണ് ഓണ സമ്മാനമായി നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത്.
മുഖ്യമന്ത്രിക്ക് സൗകര്യം ഉള്ളപ്പോള്‍ മാത്രമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. മോദിയുടെ മറ്റൊരു രൂപമാണ് പിണറായി വിജയന്‍. മാധ്യമങ്ങളെ കാണില്ല. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ കാണാതിരിക്കുന്നത് ഭീരുത്വവും ഒളിച്ചോട്ടവുമാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പറയാന്‍ ധൈര്യമില്ലാത്തത്?
ഭരണകക്ഷി എം.എല്‍.എ പത്തു ദിവസമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണ്? ഇതൊക്കെ സി.പി.എമ്മില്‍ അനുവദിക്കുമോ? മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ വെല്ലുവിളി മുഖ്യമന്ത്രിക്ക് എതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലായ്പ്പോഴും വിവാദത്തിലാണ്. ആദ്യം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി.
ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലുമൊക്കെയാണ് ആരോപണങ്ങള്‍. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കൊലപാതകങ്ങളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന് ബന്ധമുണ്ടെന്ന് ഭരണകക്ഷി എം.എല്‍.എ ആരോപിച്ചാല്‍ അയാള്‍ക്കെതിരെ നടപടി എടുക്കണ്ടേ? എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കാന്‍ താഴെയുള്ള ഓഫിസര്‍മാരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് എന്ത് പ്രഹസനമാണ് മുഖ്യമന്ത്രീ ഈ അന്വേഷണമെന്ന് ചോദിച്ചത്.
ഹൊസബലയുമായി ചര്‍ച്ച് നടത്തിയെന്നതു സമ്മതിച്ചതിന് പിന്നാലെയാണ് റാം മാധവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. അന്ന് ഒപ്പമുണ്ടായിരുന്നത് ആരൊക്കെയായിരുന്നുവെന്നത് പുറത്തുവരട്ടെ. ഒപ്പമുണ്ടായിരുന്നത് ആരൊക്കെയെന്നത് പുറത്തു വന്നാല്‍ അത് കേരളത്തെ ഒന്നു കൂടി ഞെട്ടിക്കുന്ന വാര്‍ത്തയായിരിക്കും.
പി.ആര്‍.ഡിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരാളുടെ പേര് പുറത്തു വരും. നാലമതായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ട ഒരാളും കോക്കസിന്റെ ഭാഗമാണ്. എല്ലാവരുടെയും പേരുകള്‍ ഒന്നിച്ച് പുറത്തു വരേണ്ട. പതിയെ വന്നാല്‍ മതി.
പിണറായിയെ പോലെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ ഞാന്‍ വിട്ടെന്നു പറഞ്ഞാല്‍ അതിലും വലിയ നാണക്കേട് മുഖ്യമന്ത്രിക്കുണ്ടോ? അന്‍വര്‍ പരോക്ഷമായി പിണറായി വിജയനെ ആക്ഷേപിച്ചതാണ്. ഇനി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയെ പ്രതിപക്ഷ നേതാവ് ദൂതനായി വിട്ടെന്ന് പറയുമോ?
മന്ത്രിമാര്‍ തമ്മിലുള്ള അടിയെ തുടര്‍ന്നാണ് ശ്രീജേഷിന് സ്വീകരണം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിളിച്ച് പ്രശ്‌നം പരിഹരിച്ചു കൂടെ. രണ്ട് മെഡല്‍ നേടിയ ശ്രീജേഷിനെയാണ് അപമാനിച്ചത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പരിപാടി മാറ്റിയെന്ന് അറിയിച്ചത്. മന്ത്രിമാരുടെ തര്‍ക്കം പരിഹരിക്കാതെ എന്ത് ഭരണമാണ് നടക്കുന്നതെന്നും സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.