പമ്പ: ശബരിമല സീസണിൽ ഭിക്ഷാടനത്തിനിറങ്ങിയ വയോധികരായ സ്ത്രീകളും യുവാക്കളും ഉൾപ്പെട്ട 18അംഗ ഇതരസംസ്ഥാന സംഘത്തെ പിടികൂടി. നീലിമല, മരക്കൂട്ടം, ഗണപതി കോവിൽ ഭാഗങ്ങളിൽനിന്ന് തമിഴ്നാട് സ്വദേശികളായ ആറു സ്ത്രീകളും രണ്ട് പുരുഷന്മാരും ബിഹാർ സ്വദേശികളായ 12 യുവാക്കളും അടങ്ങിയ സംഘമാണ് പമ്പ പൊലീസിന്റെ വലയിലായത്. തമിഴ്നാട് കോവിൽപെട്ടി സ്വദേശിനി രാജലക്ഷ്മി (80), തേനി സ്വദേശിനികളായ ശിവനമ്മാൾ (75), മാമൈ (78), കണ്ണമ്മ (93), സുബ്ബലക്ഷ്മി (62) പഞ്ചമ്മ (75), തേനി സ്വദേശികളായ അനന്ദകുമാർ (30) കരികാലൻ (18), ബിഹാർ സ്വദേശികളായ ഗോപാൽഗിരി (22), അനിൽകുമാർ (24), ചന്ദകുമാർ (20), രാജ് കുമാർ (26) , മുകേഷ് കുമാർ (20), സന്തോഷ് കുമാർ (20), മനോജ് കുമാർ (20), രവികുമാർ (26), അഖിലേഷ് കുമാർ (23), അഖിലേഷ് (24 ) എന്നിവരാണ് പിടിയിലായത്.
ബിഹാർ സ്വദേശികളായ യുവാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടും അംഗവൈകല്യം സംഭവിച്ചവരെന്നും അഭിനയിച്ചാണ് തീർഥാടകരെ സമീപിച്ചിരുന്നത്. ഇവർ മോഷണം കൂടി ലക്ഷ്യമിട്ടിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ തേടി ബിഹാർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പമ്പ സി.ഐ എസ്. മഹേഷ്, സബ് ഇൻസ്പെക്ടർ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഹൈകോടതി ഉത്തരവ് പ്രകാരം യാചക നിരോധിത മേഖലയിൽ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും പമ്പ പൊലീസ് പറഞ്ഞു. ജില്ല സാമൂഹിക നീതി വകുപ്പിന്റെ നിർദേശപ്രകാരം സ്ത്രീകളെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. ഇവരിൽ ആവശ്യമുള്ളവർക്ക് സംരക്ഷണമൊരുക്കുമെന്നും ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ ബി. മോഹൻ, അടൂർ മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ, മാനുഷിക സേവ പ്രവർത്തകരായ മഞ്ജുഷ വിനോദ്, ഡി.നിഖിൽ, പ്രീത ജോൺ, ആർ. വിനോദ്, അമൽരാജ് എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.