തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. 30ന് മരിച്ചയാളുടെ ഹൈ റിസ്ക് സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവര്ക്കും നിപ വൈറസ് പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം. നിപ രോഗികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കും.
പരിശോധന വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ട രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബ് ആരോഗ്യ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബി.എസ്.എല്‍ ലെവല്‍ -2 ലാബാണ് സജ്ജമാക്കിയത്. കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകൾക്ക് പുറമേയാണ് ഈ ലാബ്. ഒരേസമയം 96 സാമ്പിളുകള്‍വരെ പരിശോധിക്കാം. മൂന്നുമണിക്കൂറിനകം ഫലം ലഭിക്കും. വൈറല്‍ എക്സ്ട്രാക്ഷന്‍, ആർ.ടി. പി.സി.ആര് എന്നിവ ചെയ്യാം. ടെക്നിക്കല്‍ സ്റ്റാഫ്, ഇലക്ട്രിക്കല്‍ സ്റ്റാഫ് തുടങ്ങി അഞ്ചുപേരാണ് ലാബിലുണ്ടാകുക. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രഫ. ചന്ദ്രബോസ് നാരായണ, ടീം അംഗങ്ങളായ ഡോ. രാധാകൃഷ്ണന് നായര്‍, ഹീര പിള്ള, സനുഘോഷ്, കാര്‍ത്തിക, വിനീത എന്നിവര്‍ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.