ബദിയടുക്ക: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിനെ പറ്റി തെരഞ്ഞെടുപ്പിൽ മിണ്ടാതെ മുന്നണികൾ. ഇനി എത്രകാലം ഇതിനായി കാത്തിരിക്കണമെന്ന ജനങ്ങളുടെ ചോദ്യമാണ് ബാക്കിയാവുന്നത്. 2013 നവംബർ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട് 10 വർഷം കഴിഞ്ഞെങ്കിലും ജനങ്ങളുടെ പ്രതീക്ഷ അക്കാദമി ബ്ലോക്കിലെ ഒ.പിയിലൊതുങ്ങിയിരിക്കുകയാണ്.
ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചിട്ടില്ല. സാധാരണക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രി സേവനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ജനങ്ങൾ കരുതുന്നത്.
കാസർകോട്ടിനൊപ്പം പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഗവ. മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അവഗണനയുടെ ആഴം തിരിച്ചറിയുക. എൻഡോസൾഫാൻ ദുരിതബാധിത ജില്ലയോട് കാണിക്കുന്ന ഈ മെല്ലെപ്പോക്കിൽ ജനങ്ങൾക്ക് കടുത്ത അമർഷമാണുള്ളത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് കോടികൾ നൽകാനുള്ളതാണ് നിർമാണം താളംതെറ്റാൻ കാരണമായി പറയുന്നത്.
2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാറാണ് കാസർകോട്, മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചത്. കാസർകോട്ട് 2013 നവംബർ 30ന് ഉമ്മൻ ചാണ്ടി തറക്കല്ലുമിട്ടു. ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു.
67 ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം. അക്കാദമിക് ബ്ലോക്ക് മാത്രമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗവേളയിൽ ഈ അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി.
പിന്നീട് ഒ.പിയും തുടങ്ങി. എന്നാൽ, തെരഞ്ഞെടുപ്പിൽ മുന്നണികൾ ചർച്ചയാക്കാതെ മെഡിക്കൽ കോളജ് മറക്കുകയാണ്. എൽ.ഡി.എഫ് സർക്കാർ രണ്ടാം തവണ ഭരണം പൂർത്തിയാക്കുമ്പോഴെങ്കിലും കാസർകോട്ടുകാരുടെ മെഡിക്കൽ കോളജ് സ്വപ്നം പൂർത്തിയാകുമോയെന്നാണ് ഇവിടത്തുകാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.