തേഞ്ഞിപ്പലം: ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ടത്തില്‍ പുതിയൊരു സസ്യംകൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’എന്ന സോണറില ജനുസ്സില്പെട്ട സസ്യമാണ് കണ്ടെത്തിയത്. അഗസ്ത്യമല ജൈവമണ്ഡലത്തിന്റെ ഭാഗമായ തിരുവനന്തപുരം ചെമുഞ്ചി മലനിരകളില്‍ 1200 മീറ്റര്‍ ഉയരത്തിലാണ് ഇവയുള്ളത്.
സര്‍വകലാശാല സസ്യപഠന വകുപ്പിലെ പ്രഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ ഗവേഷകരായ തൃശൂര്‍ ചേലക്കര സ്വദേശിനി എസ്. രശ്മി, മലപ്പുറം പുലാമന്തോള്‍ സ്വദേശിനി എം.പി. കൃഷ്ണപ്രിയ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ഫ്ലോറിഡ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞ ഡോ. നിക്കോ സെല്ലിനീസും പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു.
പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ ആന്‍ജിയോസ്പേം ടാക്സോണമിയുടെ (ഐ.എ.എ.ടി) അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ റീഡയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ഗവേഷണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക പതിപ്പാണിത്. സോണറില ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്വീഡിഷ് സസ്യശാസ്ത്രജ്ഞന് റോജര്‍ ലുന്‍ഡിനോടുള്ള ആദരസൂചകമായി സോണറില ലുന്‍ഡിനി എന്നാണ് പുതിയ സസ്യത്തിന് പേരിട്ടത്.
നിലംപറ്റി പടര്‍ന്നുവളരുന്ന കാണ്ഡത്തോടും രോമാവൃതമായ ഇലകളോടും കൂടിയ സസ്യത്തിന് ഉയര്ന്നുനില്ക്കുന്ന പൂങ്കുലകളില്‍ ഇളം റോസ് നിറത്തോടുകൂടിയ ചെറിയ പൂക്കളുണ്ടാകും. ഇന്ത്യയില്‍ അമ്പതോളം ഇനങ്ങളുള്ള ഈ ജനുസ്സിലെ ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. ഇതില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞത് ഈ ജനുസ്സില്‍ ഗവേഷണം തുടരുന്ന ഡോ. സന്തോഷ് നമ്പിയും സംഘവുമാണ്.
പശ്ചിമഘട്ട മലയോര മേഖലകളിലെ അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളും ടൂറിസവും ചെങ്കല്‍കുന്നുകളിലെ ഖനനവും അതിസംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന സോണറില ജനുസ്സിന്റെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.