ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം

തിരുവനന്തപുരം: ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി 'ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദര്‍ശനത്തിലൂടെയും ക്യാമ്പുകള്‍ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ക്യാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് മന്ത്രി വീണ ജോര്‍ജ് ഏഴിന് രാവിലെ 10.30ന് നിര്‍വഹിക്കും.

ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് സംസ്ഥാനത്ത് പ്രാധാന്യം നല്‍കുന്നതെന്ന് വീണ ജോര്‍ജ് പറഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുക, മരണം പരമാവധി കുറയ്ക്കുക, രോഗത്തെപ്പറ്റിയുള്ള അനാവശ്യ ഭയം ഒഴിവാക്കുക, ക്ഷയ രോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാ പിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, ക്ഷയരോഗ പ്രതിരോധ ചികിത്സ നല്‍കുക, ക്ഷയരോഗ ബോധവത്കരണം നടത്തുക എന്നിവയാണ് നൂറു ദിന ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ക്ഷയരോഗം നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കാന്‍, ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ആര്‍ദ്രം ആരോഗ്യം വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ക്ഷയരോഗം കൂടി ഉള്‍പ്പെടുത്തി. അവരുടെ വിശദമായ പരിശോധന ഈ ക്യാമ്പയിന്‍ കാലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, പ്രാദേശിക സംഘടനകള്‍, യുവജന പ്രസ്ഥാനങ്ങള്‍, ടി.ബി ചാമ്പ്യന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ പങ്കാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്ഷയരോഗ നിര്‍ണയ ക്യാമ്പുകള്‍, ക്ഷയരോഗ നിവാരണ പ്രതിജ്ഞ തുടങ്ങിയ വിപുലമായ പ്രവര്‍ത്തന പരിപാടികളാണ് ഈ ദിനങ്ങളില്‍ സംഘടിപ്പിക്കുന്നത്.

ഇത് കൂടാതെ വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍, അതിഥി തൊഴിലാളികളി ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. പ്രമേഹബാധിതര്‍, എച്ച്‌ഐവി അണുബാധിതര്‍, ഡയാലിസിസ് ചെയ്യുന്നവര്‍ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവരില്‍ ക്ഷയരോഗ സാധ്യത കൂടിയതിനാല്‍ ഇവരിലും ഈ ദിവസങ്ങളില്‍ കഫ പരിശോധന നടത്തും.

ക്ഷയരോഗ നിവാരണ പരിപാടികളില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയൊട്ടാകെ നോക്കുമ്പോള്‍ ഒരു ലക്ഷം പേരില്‍ 166 രോഗികള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ അത് ഒരു ലക്ഷത്തില്‍ 61 ആണ്. സ്വകാര്യ ആശുപത്രികളില്‍ കണ്ടുപിടിക്കുന്ന ക്ഷയ രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന സ്റ്റെപ്‌സ് പദ്ധതി തുടങ്ങിയത് കേരളമാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2023ല്‍ കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. 2023ല്‍ 59 ഗ്രാമ പഞ്ചായത്തുകളും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും ക്ഷയരോഗ മുക്ത പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായി.

Tags:    
News Summary - A People's Movement for Tuberculosis Free Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.