കൊച്ചി: താനൂരിൽ കസ്റ്റഡി മരണത്തിനിരയായ താമിർ ജിഫ്രിക്കൊപ്പം പിടിയിലായവർക്ക് കോഴിക്കോട് സബ് ജയിലിൽ ക്രൂരമർദനമേറ്റെന്നും പ്രത്യേക സംഘത്തെ നിയോഗിച്ച് വിഷയം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി മൻസൂറിന്റെ പിതാവും ചേളാരി സ്വദേശിയുമായ കെ.വി. അബൂബക്കർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഹരജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ലഹരിമരുന്ന് വിൽപന ആരോപിച്ചാണ് ആഗസ്റ്റ് ഒന്നിന് മലപ്പുറം താനൂർ ഓവർബ്രിഡ്ജിന് സമീപത്തുനിന്ന് താമിർ ജിഫ്രി, മൻസൂർ, ആബിദ്, ജബീർ, കെ.ടി മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് മർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ജിഫ്രി കസ്റ്റഡിയിൽ മരിച്ചു. തുടർന്ന് കസ്റ്റഡിമരണക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനുശേഷം മറ്റ് പ്രതികൾക്ക് ജയിലിൽ ക്രൂരമർദനം നേരിടേണ്ടി വന്നെന്നാണ് ഹരജിക്കാരന്റെ ആരോപണം.
പൊലീസ് പിടികൂടുമ്പോൾ തങ്ങളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നെന്ന മൊഴി ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർ മൻസൂർ ഉൾപ്പെടെ പ്രതികളെ മർദിച്ചതായി അബൂബക്കറിന്റെ ഹരജിയിൽ പറയുന്നു. ജയിലിൽ മൻസൂറിനെ കാണാനെത്തിയ അബൂബക്കറിന് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് കാണാൻ അനുവദിച്ചെന്നും മകന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് ചോദിച്ചപ്പോഴാണ് മർദന വിവരം പറഞ്ഞതെന്നും ഹരജിക്കാരൻ വ്യക്തമാക്കി. മകനെ എത്രയും വേഗം മെഡിക്കൽ പരിശോധനക്ക് വിധേയനാക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കും ജയിൽ ഡി.ജി.പിക്കും നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.