കാക്കനാട്: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് എസ്കോർട്ടിന് നടിമാരെ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കൊല്ലം സ്വദേശി ശ്യാം മോഹനെ (38) കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്രയിൽ ലാനെയ്ൽ എന്ന പേരിൽ നെയ്ൽ പോളിഷ് സ്ഥാപനം നടത്തിവന്ന ഇയാൾ കലൂർ എളമക്കര പ്ലേ ഗ്രൗണ്ട് റോഡിനു സമീപം വാടകക്കു താമസിക്കുകയാണ്.
നിരവധി നടിമാരുടെ പേരുകൾ ഉൾപ്പെടുത്തി ഗൾഫിലുള്ള മലയാളി ഗ്രൂപ്പുകളിൽ പരസ്യം നൽകിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. നടികൾ വിദേശ സന്ദർശനത്തിനെത്തുമ്പോൾ ആവശ്യക്കാർക്കൊപ്പം ഒരു ദിവസം ചെലവഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയായിരുന്നു തട്ടിപ്പ്.
20000 മുതൽ 30000 രൂപവരെ അഡ്വാൻസായും കൈപ്പറ്റിയിരുന്നു. ഒട്ടേറെപ്പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും ആരും പരാതിപ്പെട്ടില്ല. തങ്ങളുടെ പേരുപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ട രണ്ടു നടിമാർ പരാതിപ്പെട്ടതോടെ ഇടപാടുകാരെന്ന വ്യാജേന സൈബർ പൊലീസ് ഇയാളെ വലയിലാക്കുകയായിരുന്നു. സൈബർ പൊലീസ് സബ് ഇൻസ്പെക്ടർ ശൈലേഷ്, എ.എസ്.ഐ ശ്യാം, ഡോളി, ദീപ, ഓഫിസർമാരായ അജിത്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.