തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കുറ്റം അടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി ജില്ല ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. കേസ് ആദ്യം അന്വേഷിച്ച കോവളം പൊലീസ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചുകയറൽ, ദേഹോപദ്രവം ഏൽപിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാൽ എം.എൽ.എ ലൈംഗികമായി പീഡിപ്പിച്ചെന്ന രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ പരാതിക്കാരി നൽകിയിരുന്നു. സമാനമൊഴിയാണ് ജില്ല ക്രൈംബ്രാഞ്ചിനും നൽകിയത്.
എം.എൽ.എ തന്റെ കഴുത്തിൽ കുരിശുമാല അണിയിച്ചെന്നും സംരക്ഷിക്കാമെന്ന് ഉറപ്പുനൽകിയെന്നും യുവതി മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്. എം.എൽ.എക്കെതിരെ കേസെടുത്ത കാര്യം സ്പീക്കറെ പൊലീസ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുമ്പോഴോ ഹോസ്റ്റലിൽനിന്നോ എം.എൽ.എയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അക്കാര്യം സ്പീക്കറെ അറിയിക്കണമെന്നാണ് വ്യവസ്ഥ.
കഴിഞ്ഞദിവസം എട്ട് മണിക്കൂറോളമെടുത്താണ് ക്രൈംബ്രാഞ്ച് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ക്രൈംബ്രാഞ്ചിനോടും അവർ വിശദീകരിച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി
പെരുമ്പാവൂര്‍: മരിക്കുവോളം സത്യസന്ധമായി ജീവിക്കുമെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഫേസ് ബുക്ക് പേജിലാണ് എം.എല്‍.എ കുറിച്ചത്. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ല, അധികാരം എനിക്ക് അവസാന വാക്കല്ല. മരിക്കുവോളം സത്യസന്ധമായി ജീവിക്കും. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. തട്ടിപ്പ് തനിക്ക് വശമില്ലെന്നും ദൈവം മാത്രമാണ് തുണയായിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിക്കുന്നു. ആയിരത്തിലധികം പേര് ലൈക്ക് ചെയ്ത കുറിപ്പിന് 500ല്‍ അധികം കമന്റുകളാണുള്ളത്. ഇതില്‍ അധികവും പരിഹസിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.