സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

കൊച്ചി: ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പരാതിയിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ മങ്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന്  പൊലീസ് അറിയിച്ചു. ഭീഷണി സംബന്ധിച്ച് ഡി.ജി.പിക്ക് സ്വപ്ന പരാതി നൽകിയിരുന്നു.

തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ സ്വപ്ന സുരേഷ്, ശബ്ദരേഖ പുറത്തുവിട്ടിരുന്നു. മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് വ്യക്തമാക്കി നൗഫൽ എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് ഉറപ്പില്ല. ഒരുപാട് ഭീഷണി ആദ്യം മുതലേയുണ്ടായിരുന്നെങ്കിലും അതൊക്കെ നെറ്റ് വഴിയുള്ളതും ആരാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്താത്തതുമായിരുന്നു. അതിനാൽ മുഖവിലയ്​ക്കെടുത്തിരുന്നില്ല.

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കെ.ടി. ജലീലിന്‍റെയുമൊക്കെ പേരുകളിലുള്ള വിവാദങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ശനിയാഴ്ച രാവിലെ മുതൽ തനിക്ക് ലഭിക്കുന്നത്. രണ്ടാമത് വന്ന ഫോൺ കാളിൽ മരട് അനീഷ് എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. അന്വേഷിച്ചപ്പോൾ ഒരുപാട് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് മനസ്സിലായെന്നും സ്വപ്ന കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.ഡിയുടെ ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് സമൻസ് നൽകി വിളിപ്പിക്കുന്നത് അന്വേഷണം തടസ്സപ്പെടുത്താനാണ്. താനുമായി ബന്ധപ്പെട്ട എല്ലാവരെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. ജീവനുള്ള കാലത്തോളം എൻഫോഴ്സ്മന്‍റ്​ ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കും.

താൻ പാലക്കാട്ടുനിന്ന്​ കൊച്ചിയിലേക്ക് വീടുമാറി. ഒരുപാട് ബുദ്ധിമുട്ടിയാണ് വീട് ലഭിച്ചത്. വീട്ടുടമസ്ഥരെ പൊലീസും സ്പെഷൽ ബ്രാഞ്ചും നാട്ടുകാരുമൊക്കെ ഭയപ്പെടുത്തി​. പി.സി. ജോർജിനെതിരെ കേസെടുത്തത് താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും സ്വപ്ന പറഞ്ഞു.

Tags:    
News Summary - A resident of Perinthalmanna who threatened Swapna Suresh was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.