തിരുവനന്തപുരം: നികുതി വിഹിതമായി കേന്ദ്രത്തിൽനിന്ന് 4000 കോടി ലഭിച്ചെങ്കിലും സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം തടസ്സപ്പെട്ടു. ട്രഷറിയിലെ സാങ്കേതിക പ്രശ്നങ്ങളാണ് വിതരണം ഭാഗികമായി തടസ്സപ്പെടാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. പെൻഷനും ലഭിച്ചില്ല.
എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ട് വഴിയാണ് ശമ്പള വിതരണം നടക്കുന്നത്. ഇ.ടി.എസ്.ബി അക്കൗണ്ടിൽ പണമെത്തിയ ശേഷം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഇ.ടി.എസ്.ബി പരിശോധിക്കുമ്പോൾ ശമ്പളം കാണുന്നുണ്ടെങ്കിലും ബെനിഫിഷ്യറി അക്കൗണ്ടിലേക്ക് എത്താത്തതിനാൽ പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള ജീവനക്കാർക്ക് മാത്രമാണ് ശമ്പളം പിൻവലിക്കാൻ കഴിഞ്ഞത്.
സെക്രട്ടേറിയറ്റ്, പൊലീസ്, ജുഡീഷ്യറി, ജയിൽ, റവന്യൂ അടക്കം 1.75 ലക്ഷം ജീവനക്കാർക്കാണ് ആദ്യ പ്രവൃത്തിദിവസം ശമ്പളം എത്തേണ്ടത്. സെക്രട്ടേറിയറ്റിൽ 10 ശതമാനത്തോളം പേർക്കേ ടി.എസ്.ബി അക്കൗണ്ടുള്ളൂ.
സാങ്കേതിക പ്രശ്നം പരിഹരിച്ച് ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുമെന്ന് ട്രഷറി അധികൃതർ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആദ്യ ദിവസത്തെ ശമ്പള വിതരണം തടസ്സപ്പെട്ടതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.