മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സംവിധാനമൊരുക്കണം -കെ.ടി.എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് സംവിധാനം ഒരുക്കണമെന്ന് കേരള ടെലിവിഷൻ ഫെഡറേഷൻ (കെ.ടി.എഫ്). ഏഷ്യാനെറ്റ് ലേഖിക അഖില നന്ദകുമാറിനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണ്. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം ജനാധിപത്യ സർക്കാർ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സമീപകാല സംഭവങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ബോധപൂർവം ഹനിക്കുന്ന നീക്കമായേ കാണാനാകൂ. സർക്കാർ അംഗീകൃത വ്യവസ്ഥാപിത സ്വയംനിയന്ത്രണ സംവിധാനങ്ങൾ മാധ്യമ മേഖലയിലുണ്ട്. വസ്തുതാപരമല്ലാത്ത വാർത്തകളോ ദുരുദ്ദേശ്യ നീക്കങ്ങളോ മാധ്യമങ്ങളിൽനിന്നുണ്ടായാൽ തെറ്റ് തിരുത്താനും ശിക്ഷാ നടപടികൾക്കും കഴിയും.

എന്നാൽ, സർക്കാർ തന്നെ പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താൽ മാധ്യമപ്രവർത്തനവും ജനങ്ങളുടെ അറിയാനുള്ള അവകാശവും തടസ്സപ്പെടും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിക്കും. ആവശ്യമെങ്കിൽ മറ്റു തീരുമാനങ്ങൾ ഫെഡറേഷൻ യോഗം ചേർന്നെടുക്കുമെന്നും ഭാരവാഹികളായ ബേബി മാത്യു സോമതീരം, എ.സി. റെജി അടക്കമുള്ളവർ പറഞ്ഞു.

Tags:    
News Summary - A system should be created for the media to work independently -KTF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.