വാകേരി: സിസിയിൽ കടുവ പശുക്കിടാവിനെ കൊന്നു. യുവാവിനെ കടുവ കൊന്നു പാതി തിന്ന കൂടല്ലൂരിൽനിന്ന് അഞ്ചു കി.മീ. ദൂരത്താണ് വീണ്ടും കടുവ പശുക്കിടാവിനെ കൊന്നുതിന്നത്. സിസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ എട്ടുമാസം പ്രായമുള്ള വെച്ചൂർ പശുക്കിടാവിനെയാണ് കൊന്നത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സുരേന്ദ്രൻ തൊഴുത്തിനു പുറത്ത് പശു നിൽക്കുന്നതു കണ്ട് വന്നുനോക്കിയപ്പോഴാണ് അകത്ത് കിടാവിനെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ പരിസരത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.ആർ. ഷാജി, ഓഫിസ് ഇൻ ചാർജ് സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിസരത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. എന്നാൽ, കൂട് വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പിന്നീട് സ്ഥലത്തെത്തിയ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉൾപ്പെടെ ജനപ്രതിനിധികൾ നാട്ടുകാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് പെട്ടെന്നുതന്നെ കൂടുവെക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തദിവസം തന്നെ കൂട് സ്ഥാപിച്ചില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പെടെ സമരപരിപാടികളുമായി ഇറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് പ്രദേശത്ത് 10 കാമറകൾ സ്ഥാപിച്ചു. പ്രദേശവാസികൾ ആശങ്കയിലാണ്.
കൽപറ്റ: കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെത്തന്നെയാണ് പിടികൂടിയതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൂടല്ലൂർ ഭാഗത്തു വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഡബ്ല്യു.ഡബ്ല്യു.എൽ 45 ആണെന്ന് ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് തിരിച്ചറിഞ്ഞതാണ്. ഡിസംബർ ഒമ്പതിനാണ് കൂടല്ലൂർ -മൂടകൊല്ലി ഭാഗത്തു വയലിൽ പുല്ലരിയാൻ പോയ പ്രജീഷിനെ കടുവ കൊന്നു പാതി ഭക്ഷിച്ചത്. വനപാലകർ സ്ഥലത്ത് അന്നുതന്നെ കാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും നിരീക്ഷണം നടത്തിവരുകയും ചെയ്തു.
ഈ കാമറയിൽ കടുവയുടെ ചിത്രം ലഭിച്ചു. ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന കടുവയാണെന്ന് തിരിച്ചറിയുകയും ചെയ്തു. കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കുന്നതിനായി പ്രദേശത്ത് 25ഓളം കാമറ ട്രാപ്പുകളും രണ്ടു ലൈവ് കാമറയും കൂടാതെ ഡ്രോണുകളും ഉപയോഗിച്ചും നിരീക്ഷണം നടത്തി. ഇതോടെ കടുവയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചു.
ഈ ചിത്രങ്ങളിൽനിന്ന് കടുവ ഇതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. കടുവയെ പ്രദേശത്തുനിന്ന് നീക്കം ചെയ്യുന്നതിന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ അനുസരിച്ചുള്ള നടപടി കൈക്കൊള്ളുകയും ചെയ്തു. ഇതിനിടെ, ഡിസംബർ 18ന് ഉച്ചക്ക് കടുവ കൂട്ടിൽ കുടുങ്ങി. ശരീരത്തിലെ വരകൾ വിശകലനം ചെയ്ത് കടുവയെ തിരിച്ചറിയുകയും ചെയ്തു. തുടർന്നാണ് കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. ജനം വാസ്തവവിരുദ്ധമായ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകരുതെന്നും വനംവകുപ്പുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. യുവാവിനെ കൊന്ന കടുവയെയല്ല തൃശൂരിലേക്ക് വനംവകുപ്പ് മാറ്റിയതെന്നതടക്കമുള്ള ആരോപണം വ്യാപകമായി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.