സുൽത്താൻ ബത്തേരി: വാകേരി സിസിയിൽ വീണ്ടും കടുവ സാന്നിധ്യം. ആവയൽ കല്ലിടാംകുന്ന് കാക്കനാട്ട് വർഗീസിന്റെ ആടിനെയാണ് വ്യാഴാഴ്ച രാത്രി കൊന്നത്. ഉടൻ തന്നെ ആവയലിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു.
ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു. അവിടെയും കൂടുവെച്ചിട്ടുണ്ട്. നരഭോജി കടുവ കൂട്ടിലായതിനുശേഷം രണ്ടു കടുവകൾ വാകേരി മേഖലയിൽ തങ്ങുന്നുണ്ടെന്നാണ് വിവിധ പ്രദേശങ്ങളിലുള്ളവർ പറയുന്നത്. രണ്ടു പശുവും ഒരാടും ആക്രമിക്കപ്പെട്ടത് ഇതിന് തെളിവാണ്. കടുവകളിലൊന്ന് പൂതാടി പഞ്ചായത്തിൽനിന്ന് മീനങ്ങാടിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
പുല്ലുമല, മൈലംപാടി, ആവയൽ, കൊളഗപ്പാറ ഭാഗങ്ങളിൽ ഏതാനും ആഴ്ചകളായി കടുവ സാന്നിധ്യമുണ്ട്. സ്ഥലത്ത് വനപാലകർ ക്യാമ്പ് ചെയ്യുകയും രാത്രി പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
വാകേരി: സിസിയിൽ പശുക്കിടാവിനെ കൊന്നത് സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിന് കീഴിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഡബ്ല്യു.വൈ.എസ് 09 ഇനത്തിൽപെട്ട കടുവയാണെന്ന് വനംവകുപ്പ് അറിയിച്ചു. ഡിസംബർ 24നാണ് സിസി സ്വദേശി സുരേന്ദ്രന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തുകയും ശരീരം ഭക്ഷിക്കുകയും ചെയ്തത്. ഇതേത്തുടർന്ന് വനപാലകർ സ്ഥലത്ത് അന്നുതന്നെ കാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തു. പിറ്റേദിവസം കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞു. ഡബ്ല്യു.വൈ.എസ് 09 എന്ന ആൺകടുവയാണെന്ന് തിരിച്ചറിയുകയും ചെയ്തു. കടുവയെ കൂടുവെച്ചു പിടികൂടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കുകയും അതുപ്രകാരം കൂടു സ്ഥാപിക്കുകയും ഈ ഭാഗത്തു നിരന്തര നിരീക്ഷണം നടത്തിവരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.
കടുവയെ സംബന്ധിച്ചുള്ള വാസ്തവവിരുദ്ധമായ പ്രചാരണങ്ങളിൽ ജനം പരിഭ്രാന്തരാകരുതെന്നും വനം വകുപ്പുമായി സഹകരിക്കണമെന്നും അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.