കൊച്ചി: പഴയ സൈക്കിൾ റിമ്മും സാരിയും അജയ് ബാലുവിന്റെ കൈകളിൽ എത്തിയാൽ മേശയായി മാറും. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ സ്പെഷൽ സ്കൂൾ തത്സമയ പ്രവൃത്തി പരിചയമേളയിലാണ് ഈ കാഴ്ച പരിമിതിയുള്ള വിദ്യാർഥിയുടെ പ്രകടനം ശ്രദ്ധേയമായത്.
അഞ്ച് സൈക്കിൾ റിം ചേർത്തുവെച്ച് അതിൽ സാരി ചുറ്റിയാണ് മേശയാക്കി മാറ്റുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് റഹ്മാനിയ ഭിന്നശേഷി വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അജയ്. കുട്ടിയെ പരിശീലിപ്പിച്ചത് അവനെപ്പോലെ കാഴ്ചപരിമിതിയുള്ള അധ്യാപകൻ മലപ്പുറം വഴിപ്പാറ സ്വദേശി നൗഷാദ് ടി. അങ്ങാടിപ്പുറമാണ്.
ഒരു മാസമാണ് മേളക്കായി അജയ് ബാലുവിനെ പരിശീലിപ്പിച്ചതെന്ന് നൗഷാദ് പറഞ്ഞു. ജനിച്ചത് മുതൽ പുറംകാഴ്ചകൾ കാണാത്ത അജയ് ഉൾക്കാഴ്ചകൊണ്ടാണ് തന്റെ കഴിവുകൾ വികസിപ്പിച്ചെടുത്തത്. പാഴ്വസ്തുക്കളിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്ന വിഭാഗത്തിലാണ് അജയ് മത്സരിച്ചത്. മേശകൂടാതെ ചൂലും പാളകൊണ്ട് മനോഹരമായ തൊപ്പിയും ഈ മിടുക്കൻ നിർമിച്ചു. നിർമാണത്തൊഴിലാളിയായ ബാലുവും ഭാര്യ ഉഷയും 15 വർഷമായി കോഴിക്കോട്ട് പള്ളിത്താഴത്ത് വാടകക്ക് താമസിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.