വി.ഡി സതീശനും കെ.സുധാകരനും വർഗീയ ചേരിതിരിവുണ്ടാക്കുന്നു -എ. വിജയരാഘവൻ

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിദ്വേഷപ്രസ്​താവനയുടെ പശ്​ചാത്തലത്തിൽ വിവിധ സമുദായ നേതാക്കളെ നേരിൽ സന്ദർശിച്ച്​ സമവായശ്രമം നടത്തുന്ന കോൺഗ്രസ്​ നേതാക്കൾക്കെതിരെ സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവർത്തന ശൈലി കേരളത്തിലെ കോൺഗ്രസ്​ നേതൃത്വം ഏറ്റെടുത്തിരിക്കുകയാ​ണെന്ന്​​ വിജയരാഘവൻ മാധ്യമങ്ങളോട്​ പറഞ്ഞു.

'സുധാകരനും സതീശനും ഇപ്പോൾ നടത്തുന്ന പ്രവർത്തനം ആ രീതിയിലുള്ളതാണ്​. ബി.ജെ.പിയെ പോലെ തന്നെ കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാകുമോ എന്നതാണ്​ ഇവരുടെ ശ്രമം. അതിന്‍റെ പിൻപാട്ടുകാരനായി നിൽക്കുകയാണ്​ താനെന്ന്​ രമേശ്​ ചെന്നിത്തലയും വ്യക്​തമാക്കി' -വിജയരാഘവൻ ആരോപിച്ചു.

അതേസമയം, സർക്കാർ ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സാമുദായിക സൗഹാർദത്തിന്​ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്​തമാക്കി.

പ്രശ്നപരിഹാരത്തിന്​ സർക്കാർ തയാറായാൽ പൂർണ പിന്തുണ പ്രതിപക്ഷം നൽകും. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഈ നാട്ടിലല്ലേ ജീവിക്കുന്നത്. ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായം പോലും സി.പി.എം സെക്രട്ടറിക്കില്ല. സ്വന്തമായ അഭിപ്രായം വിജയരാഘവൻ പറഞ്ഞാൽ അതിന് മറുപടി പറയാം -സതീശൻ പറഞ്ഞു.

വിവാദത്തെ കുറിച്ച് സി.പി.എമ്മിനും ഒരു നിലപാടില്ല. രണ്ട് സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പിക്കുക എന്നത് സംഘ്പരിവാറിന്‍റെ അജണ്ടയാണ്. ഈ സംഘർഷം കുറച്ചുകാലം കൂടി തുടരട്ടെ എന്നാണ് സി.പി.എം നയം. വർഗീയ കലാപം എന്താണ്​ എന്നതിന്‍റെ അർഥം വിജയരാഘവൻ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - a vijayaraghavan about congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.