എ. വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ്​ വടക്കൻ മേഖലാ ജാഥ നാളെ മുതൽ

കാസർകോട്‌: നവകേരള സൃഷ്​ടിക്കായി വീണ്ടും എൽ.ഡി.എഫ്​ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വികസന മുന്നേറ്റ ജാഥകളിൽ വടക്കൻ മേഖലാ ജാഥ ശനിയാഴ്‌ച മഞ്ചേശ്വരത്ത്‌ നിന്ന്‌ ആരംഭിക്കും. എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന ജാഥ വൈകീട്ട്‌ മൂന്നിന്‌ ഉപ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കാസർകോട്‌ മണ്ഡലത്തിലെ സ്വീകരണം വൈകീട്ട്‌ നാലിന്‌ പുതിയ ബസ്​ സ്​റ്റാൻഡ് പരിസരത്തും നടക്കും. കെ.പി. രാജേന്ദ്രൻ (സി.പി.ഐ), അഡ്വ. പി. സതീദേവി (സി.പി.എം), പി.ടി. ജോസ് (കേരള കോൺഗ്രസ് എം), കെ. ലോഹ്യ (ജനതാദൾ എസ്), പി.കെ. രാജൻ (എൻ.സി.പി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ.പി. മോഹനൻ (ലോക് താന്ത്രിക് ജനതാദൾ), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസിം ഇരിക്കൂർ (ഐ.എൻ.എൽ) എന്നിവരാണ്‌ ജാഥാംഗങ്ങൾ.

14ന് രാവിലെ 10ന്‌ ഉദുമ മണ്ഡലത്തിലെ സ്വീകരണം ചട്ടഞ്ചാലിലും പകൽ 11ന്‌ കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്വീകരണം കാഞ്ഞങ്ങാട് പുതിയ ബസ് സ്​​റ്റാൻഡ് പരിസരത്തും നടക്കും. വൈകീട്ട്‌ മൂന്നിന്‌ തൃക്കരിപ്പൂർ മണ്ഡലത്തിൽ കാലിക്കടവിലെ സ്വീകരണത്തിന്‌ ശേഷം കണ്ണൂർ ജില്ലയിലേക്ക്‌ തിരിക്കും. പയ്യന്നൂരിലെ സ്വീകരണത്തിന്‌ ശേഷം കല്യാശ്ശേരിയിൽ അന്നത്തെ പര്യടനം സമാപിക്കും. എൽ.ഡി.എഫ്​ സർക്കാർ കഴിഞ്ഞ 56 മാസങ്ങൾക്കിടയിൽ വിവിധ മേഖലകളിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും വിശദീകരിക്കുന്നതിനും തുടർഭരണത്തിനുള്ള ജനപിന്തുണ അഭ്യർഥിച്ചുകൊണ്ടുമാണ്‌ പര്യടനം നടത്തുന്നത്‌. 26ന്‌ തൃശൂരാണ്‌ ജാഥ സമാപിക്കുക. സി.പി.ഐ കേന്ദ്ര സെക്ര​േട്ടറിയറ്റംഗം ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ ജാഥ ഞായറാഴ്‌ച എറണാകുളത്തുനിന്നും പ്രയാണം ആരംഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.