ടി.പി രാജീവൻ; പാലേരിയിൽ തുടങ്ങി കോട്ടൂരിലൂടെ വളർന്ന എഴുത്തുകാരൻ

കോഴിക്കോട്: മലയാളത്തിലെ ഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്നു ബുധനാഴ്ച അന്തരിച്ച ടി.പി. രാജീവൻ. അദ്ദേഹം ഗ്രാമീണ ജീവിതത്തിന്റെ ഉൾ​ത്തുടിപ്പുകൾ എഴുതിയപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ഉൾപ്പെടെ സ്വീകാര്യത നേടി. സംസ്കാരങ്ങൾക്ക് പൊതുവായ തായ് വേര് ഉണ്ടെന്നും മനുഷ്യന്റെ വൈകാരികതക്ക് സമാനതകൾ ഏറെയാണെന്നും അദ്ദേഹം കരുതി.

വിദ്യാർഥികാലം മുതൽക്കേ എഴുതിത്തുടങ്ങിയ ടി.പി. ഭാഷയുടെ അതിരുകൾ ഭേദിച്ചു. ഇറ്റാലിയൻ, പോളിഷ്, ​ക്രൊയേഷ്യൻ, ബൾഗേറിയൻ, ഹീബ്രു, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാഠി തുടങ്ങി നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു.

1959ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ച അദ്ദേഹം പിതാവിന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു 'പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന നോവൽ എഴുതിയത്. അതേപേരിൽ സംവിധായകൻ രഞ്ജിത്ത് സിനിമയാക്കിയപ്പോൾ ഗംഭീരമായി സ്വീകരിക്കപ്പെട്ടു. ഇതിലൂടെ മുരിക്കിന്‍ കുന്നത്ത് അഹമ്മദ്‌ ഹാജി എന്ന പ്രതിനായക കഥാപാത്രം മമ്മൂട്ടിയുടെ ഇതുവരെകാണാത്ത മുഖം പ്രേക്ഷകർക്കു നൽകി.

മാതാവിന്റെ നാടായ കോട്ടൂരിൽ കണ്ടുപരിചയിച്ച ജീവിതങ്ങളാണ് ​'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലിന് ആധാരം. 'ഞാൻ' എന്ന പേരിൽ ഇതും സിനിമയായി. ദുൽഖർ സൽമാൻ ആയിരുന്നു നായകൻ. ചെങ്ങോട്ടുമലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ മഹാപ്രസ്ഥാനത്തിന്‍റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍. ഈ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് 'ദ് മാന്‍ ഹു ലേണ്‍ ടു ഫ്ലൈ, ബട്ട് കുഡ് നോട് ലാന്‍ഡ്'. മാധ്യമപ്രവര്‍ത്തകനായ പി.ജെ. മാത്യുവാണ് മൊഴിമാറ്റിയത്.

തികഞ്ഞ പോരാളിയാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കാലിക്കറ്റ് സർവകലാശാല ജീവിതം. കാലിക്കറ്റ് സർവകലാശാലയിലെ നെറികേടുകളെ വിമർശിച്ച് 1999ൽ ടി.പി. രാജീവൻ 'മാധ്യമം' ആഴ്ചപ്പതിപ്പിൽ എഴുതിയ 'ദി കുറുക്കൻ' എന്ന കവിത വാഴ്സിറ്റി അധികൃതരെ ചൊടിപ്പിച്ചു. നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിലാണ് അദ്ദേഹം വാഴ്സിറ്റി പി.ആർ.ഒ പദവിയിലെത്തിയത്. മറ്റ് സർവകലാശാലകളിൽ പി.ആർ.ഒമാർക്ക് അനുവദിച്ചിരുന്ന ശമ്പള സ്കെയിലിൽ കുറവ് വരുത്തിയും ജീവനക്കാരെ ഒന്നൊന്നായി പിൻവലിച്ചും അദ്ദേഹത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തെ അദ്ദേഹം നിയമപോരട്ടത്തി​ലൂടെ നേരിട്ടു.

Tags:    
News Summary - A writer who started from Paleri and grew up through Kotoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.