വിഷയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഇ.പി. ജയരാജൻ പരസ്യമായി സമ്മതിച്ചതും പി.വി. അൻവർ എം.എൽ.എ പരസ്യമായി പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചതും സി.പി.എമ്മിന്റെ പാർട്ടി മര്യാദകൾ പ്രകാരം അച്ചടക്കരാഹിത്യമാണ്. അൻവർ ഉന്നയിച്ചതിൽ വലിയ ശരിയുണ്ട് എന്ന നിലയിലാണ് മുഖ്യമന്ത്രി ആദ്യദിവസം ചില നടപടികൾ പ്രഖ്യാപിച്ചത്. ആരോപണം ശരിയാണെങ്കിൽ പൊളിറ്റിക്കൽ സെക്രട്ടറിയും...
വിഷയങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഇ.പി. ജയരാജൻ പരസ്യമായി സമ്മതിച്ചതും പി.വി. അൻവർ എം.എൽ.എ പരസ്യമായി പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചതും സി.പി.എമ്മിന്റെ പാർട്ടി മര്യാദകൾ പ്രകാരം അച്ചടക്കരാഹിത്യമാണ്. അൻവർ ഉന്നയിച്ചതിൽ വലിയ ശരിയുണ്ട് എന്ന നിലയിലാണ് മുഖ്യമന്ത്രി ആദ്യദിവസം ചില നടപടികൾ പ്രഖ്യാപിച്ചത്. ആരോപണം ശരിയാണെങ്കിൽ പൊളിറ്റിക്കൽ സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാവും. സി.പി.എമ്മിലെ അച്ചടക്ക നടപടികളിലെ ‘സദാചാരം’ പരീക്ഷിക്കപ്പെടുന്ന പ്രതിസന്ധിയാണിത്. അൻവർ പരസ്യമായി ഉന്നയിച്ചതിലാണോ പാർട്ടി തെറ്റ് കാണുക? അതോ ഉന്നയിക്കപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയും പൊളിറ്റിക്കൽ സെക്രട്ടറിയും കുറ്റാരോപിതരാണെന്ന നിലയിലോ?
അച്ചടക്കത്തിന്റെ ധാർമികത
സി.പി.എമ്മിന്റെ ഭരണഘടനാപരമായ ശിക്ഷണ നടപടികളുടെ ധാർമികത അതിന്റെ വിധേയത്വമാണ്. സ്വയംവിമർശനത്തിനും തെറ്റുതിരുത്താനും കൂടുതൽ വിധേയപ്പെട്ട് നിൽക്കുക എന്നാണ് സാരം. ഈ തത്ത്വത്തിന് മുന്നിൽ വലിപ്പച്ചെറുപ്പമില്ല. ഇ.എം.എസിനെപോലും പാർട്ടി ഘടന തിരുത്തിയിട്ടുണ്ട്. പാർട്ടിയുടെ അച്ചടക്ക നടപടിക്കോ ശാസനക്കോ വിധേയരായ നേതാക്കളിൽ പലരും പിന്നെ ഉയർന്ന് വരാതിരിക്കുകയോ സ്വയം ഉരുകിത്തീരുകയോ ചെയ്തതാണ് സി.പി.എമ്മിന്റെ ചരിത്രം. സ്വയം വിമർശനം സി.പി.എമ്മിന് ആഭ്യന്തരവേദിയിലെ ആത്മീയതയും വിമർശനം പുറത്ത് പരസ്യപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന അച്ചടക്ക ലംഘനവുമാണ്. 1998 പാലക്കാട് സമ്മേളനം ചൂടേറിയ ചർച്ചക്ക് വിധേയമാക്കുകയും 35 വർഷം സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറായിരുന്ന കെ.എൻ. രവീന്ദ്രനാഥ് ഉൾപ്പെടെ എണ്ണം പറഞ്ഞ പലരെയും വെട്ടിനിരത്തുകയും ചെയ്തത് ‘സേവ് സി.പി.എം ഫോറത്തിന്റെ പേരിലായിരുന്നു.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി അന്ന് നടത്തിയ ഇടപാടുകളും പാർട്ടി കമ്മിറ്റികളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വി.എസ്. അച്യുതാന്ദനാണ് അതിന് ഊർജം നൽകിയത്. ശശിക്കെതിരെ പരാതി നൽകിയ ഡി.വൈ.എഫ്.ഐയിലെ വനിതാ നേതാവ് ഇപ്പോൾ പാർട്ടിയിൽ എവിടെയുമില്ല. മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ഏറ്റവും അവസാനത്തെ പേരായാണ് ശശിയെ കമ്മിറ്റിയിൽ പരിഗണിച്ചത്. അതിന് ശേഷമാണ് ആരോപണ വിധേയനായത്. അച്ചടക്ക നടപടിക്കുശേഷം ശശി ദീർഘകാലം എവിടെയും പ്രത്യക്ഷപ്പെട്ടില്ല. പിന്നീട് അഭിഭാഷകനായി രംഗപ്രവേശനം ചെയ്തു. വൈകാതെ പാർട്ടിയിൽ വീണ്ടും സജീവമായി. രണ്ടാം പിണറായി സർക്കാറിന്റെ വരവും ഇതോടൊപ്പമാണ്. വി.എസ്. അച്യുതാനന്ദൻ പക്ഷവും പാർട്ടിയിൽ പൂർണമായി അസ്തമിച്ച സുവർണാവസരം. പിണറായി വിജയൻ എന്ന ഏകധ്രുവത്തിൽ ശശി നേരെ ചെന്നുകയറിയത് സംസ്ഥാന ഭരണസംവിധാനത്തിന്റെ സിരാകേന്ദ്രത്തിൽ. അവിടെയാണിപ്പോൾ വീണ്ടും വിവാദം ഉരുൾപൊട്ടി നിൽക്കുന്നത്.
പി.വി. അൻവറിന്റെ പരസ്യ പ്രസ്താവന മാത്രമേ പാർട്ടി ചട്ടമനുസരിച്ച് തെറ്റാവുന്നുള്ളൂ. പറഞ്ഞതിന്റെ കാമ്പും കാതലും ആരും അംഗീകരിക്കാതില്ല. അത് പിണറായി വിജയനെയും പി. ശശിയെയും പ്രതിരോധത്തിലാക്കുകയാണ്. പാർട്ടിയിൽ നീതിയാണ് നടപ്പിലാവുന്നതെങ്കിൽ പിണറായി ആഭ്യന്തര വിചാരണക്ക് വിധേയമാക്കപ്പെടേണ്ടതാണ്. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറെ ജനപ്രിയത നേടിയ കെ.കെ. ശൈലജയെപ്പോലുള്ളവർ ഉണ്ടായിട്ടും ഭരണത്തിന്റെ ജീർണത തുടർനേതൃത്വം ഏറ്റെടുക്കുമ്പോൾ സംഭവിക്കാമെന്ന വിശാല സൂക്ഷ്മത കൊണ്ടാണ് മന്ത്രിസഭ മുഴുവൻ മാറിയത്. പിണറായി അവശേഷിച്ചത് അദ്ദേഹത്തിലുള്ള പാർട്ടിയുടെ വിശ്വാസം മൂലമാണ്. പുതിയ സംഭവവികാസം മുന്നിൽവെച്ചാൽ, പിണറായിക്ക് പാർട്ടി നൽകിയ രണ്ടാം അവസരം മറ്റ് മന്ത്രിമാരെ മാറ്റിനിർത്തുമ്പോൾ പറഞ്ഞത് പോലൊരു ജീർണതയായി മാറിയെന്ന് ആർക്കും പാർട്ടി കമ്മിറ്റിയിൽ ഉന്നയിക്കാം.
പി.വി. അൻവറിന്റെ പിന്നിൽ ആരും ഇല്ലാതിരിക്കില്ല എന്നുറപ്പാണ്. അൻവർ ഒറ്റക്കല്ലെങ്കിൽ പാർട്ടി കമ്മിറ്റിയിൽ ഇതേ വാദത്തിന് പിണറായി വിജയനും പി. ശശിയും എന്ത് മറുപടിയാണ് നൽകുക എന്നതാണ് മർമം. പാർട്ടി അച്ചടക്കം വിധേയത്വം മാത്രമല്ല, തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള മൂശയാണ് എന്നതാണ് സത്യമെങ്കിൽ ഒരിക്കൽ തരംതാഴ്ത്തപ്പെട്ട ഒരാൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തിരിച്ചുവന്ന് വീണ്ടും വിവാദപുരുഷനായി തീർന്നതിനെ എങ്ങനെയാണ് പാർട്ടി ഇനി കൈകാര്യം ചെയ്യുക?
ആഭ്യന്തര പ്രളയം
വിഭാഗീയത ഇല്ലെന്ന് പുറത്ത് മേനിനടിക്കാവുന്ന വിധം പാർട്ടി അച്ചടക്കത്തിന്റെ വാൾ തലക്ക് മീതെ ഉണ്ടെങ്കിലും സി.പി.എം ആഭ്യന്തരമായി വലിയ അന്തഃസംഘർഷത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പി.വി. അൻവറിന്റെ പുതിയ നീക്കം. പാർട്ടി ഘടനയോ തത്ത്വമോ അറിയാത്ത ആളല്ല അൻവർ. പക്ഷേ, പാർട്ടി ഘടനയനുസരിച്ച് ആഭ്യന്തരരംഗത്ത് ഉന്നയിച്ചാൽ പരിഹൃതമാവാത്തത്ര ഉന്നതതല ബന്ധമുള്ള വിഷയമാണെന്ന ഗൗരവമുണ്ട് ഈ വെളിപ്പെടുത്തലിൽ. പാർട്ടി ഘടനയോടുള്ള അവിശ്വാസമല്ല, മറിച്ച് പാർട്ടി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സദാചാരത്തെ മുറുകെപ്പിടിക്കാനുള്ള അറ്റകൈ പ്രയോഗം എന്നനിലയിൽ അൻവറിന്റെ വെളിപ്പെടുത്തലിനെ കാണാനുള്ള വിവേകം പാർട്ടിക്ക് ഉണ്ടാവുമോ എന്നതാണ് ചോദ്യം. അതല്ല, പാർട്ടി തത്ത്വം എന്ന വരട്ടുവാദത്തിലധിഷ്ഠിതമായി പൊതുവേദിയിൽ സർക്കാറിനെ അവമതിച്ചെന്ന നിലയിൽ കാര്യം കണ്ടാൽ സി.പി.എമ്മിന്റെ ഏറ്റവും വലിയ ആശയപരമായ അധഃപതനമായിരിക്കും അത്.
സി.പി.എം ഭരണഘടനയുടെ വകുപ്പ് 12ൽ പാർട്ടി അംഗങ്ങളുടെ അവകാശങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ‘പാർട്ടി യോഗത്തില്വെച്ച് പാർട്ടി കമ്മിറ്റികളെയും ഭാരവാഹികളെയും വിമര്ശിക്കുക’ എന്നത് അവകാശങ്ങളിൽ ഒന്നാണ്. ഇതനുസരിച്ച് പി.വി. അൻവർ ചെയ്തത് പാർട്ടി നേതൃത്വത്തിന്റെ ഭരണപരമായ ചുമതലാ നിർവഹണത്തിലുണ്ടായ തെറ്റ് തുറന്നുകാട്ടുകയാണ്. വ്യക്തിപരമായ കുറ്റാരോപണം മാത്രമല്ല. ഭരണരംഗത്ത് ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയമായ വിഷയങ്ങളാണ് ഉന്നയിച്ചത്. ജനപ്രതിനിധി എന്ന പദവികൂടി ഇതിനോട് ചേർത്തുവെച്ച് വിലയിരുത്തിയാൽ വലിയ അപാകത കാണാനില്ല. എന്നാൽ, അത്രത്തോളം വിശാലമായി മുഖ്യമന്ത്രിയും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നവരും ഉൾക്കൊള്ളുമോ എന്നാണ് അറിയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.