കാട്ടാക്കട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതി ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. കന്നട പുത്തൂർ ഉപ്പിനങ്ങാടി സ്വദേശി നിതിൻ പി. ജോയ് ആണ് (35) പിടിയിലായത്.
നെയ്യാർഡാം മരുതുംമൂട് സ്വദേശി കാട്ടാക്കട ചൂണ്ടുപലകയിൽ തേജസ്സ് നിവാസിൽ താമസിക്കുന്ന കെ.ജി. അമ്പിളിയുടെ പരാതിയിലാണ് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ഗ്ലോബൽ പ്ലസ് ഡേ’ എന്ന ട്രാവൽ ഏജൻസിക്കെതിരെ തൊഴിൽതട്ടിപ്പിന് കാട്ടാക്കട പൊലീസ് കേസെടുത്ത്. ഒളിവിൽ പോയ നിതിൻ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എറണാകുളം രവിപുരത്ത് എഫ് ആൻഡ് ക്യൂ ആർക്കേഡിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് നിതിനും സുഹൃത്തുക്കളും. അമ്പിളിയുടെ ബിരുദധാരിയായ മകൻ നിഖിൽ സാജന് യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ഘട്ടങ്ങളിലായി 10,08,000 രൂപ തട്ടിയെടുത്തതായാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസി നടത്തിയ തിരിമറിയിൽ 10 വർഷത്തേക്ക് നിഖിലിന് യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്കോ പഠനത്തിനോ പോകാനാവാത്ത വിധം ബ്രിട്ടീഷ് എംബസി പാസ്പോർട്ട് വിലക്കിയതോടെയാണ് പരാതി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.