കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന് ഈ തലമുറ ഉറച്ച തീരുമാനമെടുക്കണം- എ.എ റഹീം

തിരുവനന്തപുരം: ഇനിയൊരു പെണ്ണിന്റെ സ്വപ്നവും സ്ത്രീധനത്തിന്റെ പേരില്‍ അവസാനിക്കരുതെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ റഹീം. കൊല്ലപ്പെടുന്നവരെയോ, നിവൃത്തികെട്ട് ആത്മഹത്യ ചെയ്യുന്നവരെയോ കുറിച്ചുമാത്രമാണ് നമ്മള്‍ സംസാരിക്കുന്നത്.കരഞ്ഞും തളര്‍ന്നും സ്വയം ഉരുകിയും 'താലിച്ചരടിന്റെ പവിത്രത'കാക്കാന്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകളാണ് കൂടുതലുമുള്ളതെന്നും റഹീം ഫേസ്ബുക്കിൽ പറഞ്ഞു.

നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. നിയമങ്ങള്‍കൊണ്ട് മാത്രം ഈ നെറികെട്ട സംസ്‌കാരം ഇല്ലാതാവുകയുമില്ല. ഒരു തലമുറ ഉറച്ച തീരുമാനമെടുക്കണം. ഈ കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന്. സ്ത്രീധനം ചോദിച്ചു വരുന്നവനൊപ്പം വിവാഹത്തിന് ഞാനില്ലെന്ന് പറയാന്‍ ഓരോ പെണ്ണിനും കഴിയണം. ധൂര്‍ത്തും സ്ത്രീധനവും നിര്‍ബന്ധമായ മലയാളിയുടെ വിവാഹ ശീലങ്ങള്‍ മാറിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലെത്തിയ ശേഷമാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എ.എ.റഹീമിന്‍റെ ഫേസ്ബുക് പോസ്റ്റ്:

നിറയെ നിറങ്ങളോടെ പൂത്തു നില്‍ക്കേണ്ട ഒരു പൂവാണ് നമുക്ക് മുന്നില്‍ ജീവനറ്റ് കിടക്കുന്നത്.

പഠിക്കാന്‍ മിടുക്കി.നാടിന്,ആരോഗ്യ മേഖലയില്‍ ദീര്‍ഘമായ കാലം സേവനം നല്‍കേണ്ട ഒരു പ്രതിഭയാണ് ഒരു മുഴം കയറില്‍ അവസാനിച്ചത്.കൊന്നതാണോ,സ്വയം അവസാനിപ്പിച്ചതാണോ ??

അറിയില്ല,പോലീസ് അന്വഷിക്കട്ടെ.

പക്ഷേ നമുക്ക് അവസാനിപ്പിക്കണം

ഈ ദുരാചാരവും നിഷ്ടൂരമായ പീഢനങ്ങളും.

കൊല്ലപ്പെടുന്നവരെയോ,നിവര്‍ത്തികെട്ട് ആത്മഹത്യ ചെയ്യുന്നവരെയോ കുറിച്ചുമാത്രമാണ് സാധാരണ നമ്മള്‍ സംസാരിക്കുന്നത്.അതിനുമപ്പുറത്താണ് യാഥാര്‍ഥ്യം.കരഞ്ഞും തളര്‍ന്നും സ്വയം ഉരുകിയും 'താലിച്ചരടിന്റെ പവിത്രത'കാക്കാന്‍ ജീവിച്ചു തീര്‍ക്കുന്ന സ്ത്രീകളാണ് കൂടുതലും.

നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല.നിയമങ്ങള്‍കൊണ്ട് മാത്രം ഈ നെറികെട്ട സംസ്‌കാരം ഇല്ലാതാവുകയുമില്ല.ഒരു തലമുറ ഉറച്ച തീരുമാനമെടുക്കണം.ഈ കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന്.

വിസ്മയയ്ക്ക് സ്ത്രീധനമായി കൊടുത്തത് ഒരുകിലോ സ്വര്‍ണവും,ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും,താരതമ്യേനെ വിലകൂടിയ ഒരു കാറുമായിരുന്നു.കാറിന് മൈലേജ് പോരത്രേ! അവിടെ തുടങ്ങിയതായിരുന്നു പ്രശ്‌നങ്ങളെന്ന് അച്ഛനും സഹോദരനും പറയുന്നു.

ഇരുപത് വയസ്സ് മാത്രം പിന്നിട്ട അവളുടെ ശരീരം അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍.ഒടുവില്‍ നിശബ്ദമായി,നിശ്ചലമായി അവള്‍ വീടിന്റെ ഉമ്മറത്ത് ..

തന്റെ നല്ലകാലം മുഴുവന്‍ മരുഭൂമിയില്‍ പണിയെടുത്ത പ്രവാസിയായിരുന്നു അച്ഛന്‍.

ഉള്ള് തകര്‍ന്ന് നില്‍ക്കുന്ന ഈ മനുഷ്യര്‍ക്ക് മുന്നില്‍ നമ്മുടെ വാക്കുകള്‍ മരവിച്ചുപോകും.

ആര്‍ക്കാണ് ഇവരെ ആശ്വസിപ്പിക്കാനാവുക?

സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നു.അപമാനമാണ് ഇത് കേരളത്തിന്.

നമുക്ക് ഇത് അവസാനിപ്പിച്ചേ മതിയാകൂ.

നമ്മള്‍ തന്നെയാണ് ഇത് അവസാനിപ്പിക്കേണ്ടത്.

ഒരു മതവിശ്വാസവും സ്ത്രീധനം വിഭാവനം ചെയ്യുന്നില്ല.സ്വര്‍ണ്ണവും വിവിധ ധൂര്‍ത്തിന്റെ സാധ്യതകളും ചേരുന്ന ഒരു നല്ല കമ്പോളമാണ് ഇന്ന് വിവാഹം .അതിങ്ങനെ ദിനംപ്രതി വികസിക്കുകയാണ്.

ഓരോ വര്ഷം കഴിയുന്തോറും പുതിയ ആര്‍ഭാടങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

ആര്ഭാടങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ മലയാളി എത്ര വേണമെങ്കിലും കടക്കാരനാകും.നാലാള്‍മധ്യത്തില്‍ നമ്മള്‍ കുറഞ്ഞുപോകരുതല്ലോ??.

സ്ത്രീധനത്തിനും ആര്ഭാടത്തിനും വകയില്ലാത്തതിന്റെ പേരില്‍ വിവാഹം തന്നെ നീണ്ടുപോവുകയോ നടക്കാതിരിക്കുകയോ ചെയ്യുന്ന എത്രയോ അനുഭവങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓര്മയുണ്ടാകും.

ഒരാണും പെണ്ണും ഒരുമിച്ചു ജീവിക്കാന്‍ ഈ കെട്ടുകാഴ്ചകള്‍ ഒന്നും ആവശ്യമില്ലെന്നു ഇനിയും മലയാളികള്‍ തിരിച്ചറിയാന്‍ വൈകരുത്.ശക്തമായ പ്രചാരണം നമുക്ക് നടത്താനാകണം.

അഭിമാനമുള്ള ഒരു യവ്വനവും ഇനിമേല്‍ ഇപ്പണിക്കില്ലെന്ന് ഉറക്കെ പറയാനാകണം.

വിസ്മയയ്ക്ക് വിട..

അവളുടെ അരികില്‍ നിന്ന് കൂടപ്പിറപ്പ് വിങ്ങിക്കരഞ്ഞു പറഞ്ഞു കൊണ്ടേയിരുന്നു,

ഇനിയൊരു പെങ്ങള്‍ക്കും ഈ ഗതി വരരുതെന്ന്.

പ്രിയപ്പെട്ടവരെ കേള്‍ക്കാതെ പോകരുത്

ഈ ഇടറിയ ശബ്ദങ്ങള്‍.

Tags:    
News Summary - AA Rahim about Vismaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.