തിരുവനന്തപുരം: കേന്ദ്ര നിർദേശപ്രകാരം കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി (കാസ്പ്) വഴിയുള്ള സൗജന്യ ചികിത്സക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ആധാർ അപ്ഡേറ്റ് ചെയ്യാത്തവരടക്കം ആനുകൂല്യങ്ങളിൽനിന്ന് പുറത്താവുന്നു. ചികിത്സക്കായി ആശുപത്രിയിലെത്തി ഇൻഷുറൻസ് കാർഡ് നൽകുമ്പോഴാണ് ആധാർ പൊരുത്തപ്പെടാതെ വരുന്നത്.
ഇതോടെ ഇന്‍ഷുറൻസ് പരിരക്ഷ പ്രതീക്ഷിച്ച് സ്വകാര്യ ആശുപത്രികളിലെത്തുന്നവർ മുഴവൻ തുകയും അടച്ച് ചികിത്സ തേടേണ്ട ഗതികേടിലാണ്. സർക്കാർ ആശുപത്രികളിലാകട്ടെ കാസ്പ് വഴിയുള്ള അർഹതപ്പെട്ട സൗജന്യ ആനൂകുല്യങ്ങളും നഷ്ടപ്പെടുന്നു. കാസ്പുമായി ബന്ധപ്പെട്ട മെഡിക്കൽ ക്ലയിമുകളിൽ തുടർനടപടികൾ നടക്കുന്നത് നാഷനൽ ഹെൽത്ത് അതോറിറ്റിയുടെ ടി.എം.എസ് പ്ലാറ്റ്ഫോമിലാണ്. 2023 ജനുവരി 23 മുതൽ ചികിത്സ സേവനങ്ങൾക്ക് കേന്ദ്രം ആധാർ നിർബന്ധമാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
ചെറിയ കുട്ടികൾക്കടക്കം കൃത്യമായ ഇടവേളകളിൽ ആധാർ അപ്ഡേറ്റ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഭൂരിഭാഗം പേരും അപ്ഡേഷൻ നടത്തിയിട്ടുണ്ടാവില്ല. ഇതാണ് ചികിത്സ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 2023 ജനുവരി 23 ന് മുമ്പ് ആധാർ നിർബന്ധമല്ലാത്തതിനാൽ വെബ്സൈറ്റിൽ ഇൻഷുറൻസ് കാർഡ് നമ്പറും ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ നമ്പറും നൽകിയാൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി വഴി രോഗിയെ പോർട്ടലിൽ ഉൾപ്പെടുത്തുകയും അന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ, ആധാർ നിർബന്ധമാക്കിയതോടെ ബയോമെട്രിക് വിവരങ്ങളടക്കം നൽകി ഉറപ്പുവരുത്തിയാലേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. പ്രസവത്തിനും മറ്റ് ശസ്ത്രക്രിയകൾക്കുമടക്കം കാസ്പിൽ എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലെത്തുന്നരാണ് ഏറെ പ്രയാസപ്പെടുന്നത്. ആധാർ പൊരുത്തപ്പെടാതെ വരുന്നതോടെ അക്ഷയ കേന്ദ്രങ്ങളാണ് പിന്നെ ആശ്രയം.
ഗത്യന്തരമില്ലാതെ രോഗി അക്ഷയ സെന്ററുകളിലേക്കെത്തുകയോ അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിലെ ആധാർ അപ്ഡേറ്റിങ് സംവിധാനങ്ങൾ ആശുപത്രിയിലേക്കെത്തിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ. കഴിഞ്ഞ രണ്ടു മാസമായി ആശുപത്രിലെത്തിയുള്ള ആധാർ അപ്ഡേറ്റിങ് വർധിച്ചതായി അക്ഷയ ഉടമകൾ പറയുന്നു. ചില ഘട്ടങ്ങളിൽ നടപടികൾ പൂർത്തിയാകാൻ എട്ടും 10ഉം ദിവസമെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.