തിരുവനന്തപുരം: ക്ഷേമ-ക്ഷേമനിധി പെന്‍ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. ഇത്തരത്തില്‍ ബന്ധപ്പെടുത്താത്തവര്‍ക്ക് ഇനി മുതല്‍ ക്ഷേമ പെന്‍ഷന്‍ കിട്ടില്ല. മുന്‍സര്‍ക്കാറിന്‍െറ കാലത്ത് ഇത്തരം നീക്കം നടന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല.
ചൊവ്വാഴ്ച ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡ് അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
പെന്‍ഷന്‍ വിതരണത്തെ ആധാറുമായി ബന്ധിപ്പിക്കുന്നില്ളെന്നും എന്നാല്‍ വിവരശേഖരം കുറ്റമറ്റതാക്കുകയാണെന്നുമാണ് വിശദീകരണം. ധനവകുപ്പ് നല്‍കിയ നിര്‍ദേശപ്രകാരം ഫലത്തില്‍ പെന്‍ഷന്‍ വിതരണം ആധാറുമായി പൂര്‍ണമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചക്കകം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ഏകീകരിക്കണമെന്നാണ് ബോര്‍ഡുകള്‍ക്കുള്ള നിര്‍ദേശം. ക്ഷേമനിധിഅംഗങ്ങള്‍ രണ്ടാഴ്ചക്കകം ആധാര്‍ നമ്പറുകള്‍ ബോര്‍ഡുകള്‍ക്ക് നല്‍കണം.
പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡ് എന്ന്, എവിടെ ഹാജരാകണമെന്ന് ബോര്‍ഡുകള്‍ അറിയിക്കും. ഇത് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ക്രിസ്മസിനുമുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യും. വിവരശേഖരം പൂര്‍ത്തിയാക്കുന്നതനുസരിച്ചേ, മറ്റുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കൂ. കുടിശ്ശികയുണ്ടെങ്കില്‍ അതും ഇതോടൊപ്പം തീര്‍ക്കും. സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ക്ക് കൃത്യമായ വിവരശേഖരമുണ്ട്. ക്ഷേമനിധി ബോര്‍ഡ് പെര്‍ഷനാണ് വിവരശേഖരം ഏകോപിപ്പിക്കേണ്ടത്. ഇത് രണ്ടുദിവസത്തിനകം ഡിജിറ്റല്‍ രൂപത്തില്‍ ഡിബിറ്റി സെല്ലിനു നല്‍കാനും നിര്‍ദേശമുണ്ട്.
പെന്‍ഷന്‍ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാനാണ് പരിഷ്കാരം. ഇതുവഴി പെന്‍ഷന്‍ ഇരട്ടിപ്പ് ഒഴിവാക്കാനാവും. ഇത് പൂര്‍ണമായാല്‍ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആധാര്‍ ഉള്‍പ്പെടെ വിവരശേഖരണം നവംബര്‍ 22നകം തദ്ദേശ വകുപ്പിന്‍െറ ഡിബിറ്റി സെല്ലിനു കൈമാറണം. സംസ്ഥാനത്തിന്‍െറ ധനസ്ഥിതി മെച്ചപ്പെട്ടാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ വിരമിക്കല്‍ പെന്‍ഷനുകളും ആരംഭിക്കാനാകും. ചെറിയ ക്ഷേമനിധികള്‍ ഏകോപിപ്പിക്കുന്നതിന് സാധ്യത ആലോചിക്കും.
പെന്‍ഷനുകള്‍ കൊല്ലംതോറും 100 രൂപവീതം കൂട്ടുമെന്നും ധനമന്ത്രി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, സ്പെഷല്‍ സെക്രട്ടറി ഇ.കെ. പ്രകാശ്, ധന-തദ്ദേശഭരണ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.