പാലക്കാട്: ആളിയാർ കരാർ പാലിക്കാതെ കടുത്ത നിലപാടുമായി തമിഴ്നാട് തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. വെള്ളിയാഴ്ച മന്ത്രി മാത്യു ടി. തോമസുമായി നടത്തിയ ചർച്ചയിൽ വിഷയത്തിൽ ഇടപെടാമെന്ന് അന്തർ സംസ്ഥാന നദീജല കരാർ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടും. ചീഫ് സെക്രട്ടറി പി.എ.പി കരാർ അധികൃതരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, പറമ്പിക്കുളം അണക്കെട്ടിൽനിന്ന് ആളിയാർ അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിടാതെ കോണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് ജലമൂറ്റൽ തമിഴ്നാട് തുടരുകയാണ്. കേരളം എതിർപ്പറിയിച്ചിട്ടും മുഖവിലയ്ക്കെടുക്കുന്നില്ല.
തമിഴ്നാട് കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട്ടെ കർഷക സംഘടനകൾ കഴിഞ്ഞ ദിവസം ശിരുവാണി സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ഓഫിസ് ഉപരോധിച്ചിരുന്നു. തുടർന്നാണ് പ്രശ്നത്തിൽ മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഇടപെടുമെന്ന് ഉറപ്പ് ലഭിച്ചത്. പറമ്പിക്കുളം ഡാമിൽനിന്ന് ആളിയാറിലേക്ക് വെള്ളം ലഭിക്കാതായതോടെ ഡാമിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.