കൊച്ചി: മുനമ്പം ഭൂമി പ്രശ്നപരിഹാരത്തിനായി മുസ് ലിം ലീഗ് നേതാക്കൾ ലത്തീൻ കത്തോലിക്ക സഭ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ലത്തീൻ സഭയിലെ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അടക്കം മുഴുവൻ മെത്രാന്മാരും മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മുനമ്പം ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സൗഹാര്‍ദപരമായ ചര്‍ച്ചയായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും പറഞ്ഞ തങ്ങൾ, മുനമ്പം വിഷയം ചര്‍ച്ച ചെയ്തെന്നും പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും വ്യക്തമാക്കി.
മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയതെന്ന് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ട്, ഇതൊരു മാനുഷിക പ്രശ്നമാണ്. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.