തർക്കം മൂത്തു; ആസാദ് അനുസ്മരണം കെ.പി.സി.സി റദ്ദാക്കി

തിരുവനന്തപുരം: കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം നേതാക്കൾക്കിടയിലെ തർക്കം കാരണം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മൗലാന അബുല്‍ കലാം ആസാദിന്‍റെ ജന്മവാര്‍ഷിക പൊതുയോഗം കെ.പി.സി.സി റദ്ദാക്കി. എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സമ്മേളനമാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കർശനനിർദേശത്തെ തുടർന്ന് റദ്ദാക്കിയത്. ആസാദിന്‍റെ 134-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പാർട്ടി നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

ന്യൂനപക്ഷ വിഭാഗം സംസ്ഥാന അധ്യക്ഷനായി ഷിഹാബുദീന്‍ കാര്യത്തിനെ നിയമിച്ചതുമുതൽ സംഘടനയിൽ അസ്വസ്ഥത നിലനിൽക്കുകയാണ്. പ്രവർത്തന ബന്ധമില്ലാത്തയാളെ അധ്യക്ഷനാക്കിയതിനെ ചൊല്ലിയാണ് തർക്കം. മാസങ്ങൾക്കുശേഷം ജില്ല കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ ഭാരവാഹികളുമായി കൂടിയാലോചിച്ചില്ലെന്നും ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും ആരോപണമുയർന്നു. ഇതിനെതിരെ ഭാരവാഹികൾ പരാതിയുമായി എത്തി. ഇവർ കെ.പി.സി.സി അധ്യക്ഷന് നൽകിയ പരാതി അന്വേഷിക്കാൻ വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

തർക്കം നിലനിൽക്കെയാണ് ഇന്ദിര ഭവനിൽ വെള്ളിയാഴ്ച വൈകീട്ട് പൊതുയോഗം സംഘടിപ്പിച്ചത്. ഈ യോഗത്തിനെതിരെയും മുൻ ഭാരവാഹികൾ രംഗത്ത് വന്നു. ആന്‍റണി ഉൾപ്പെടെ നേതാക്കളെ ഇക്കാര്യം കെ.പി.സി.സിയിൽനിന്ന് അറിയിച്ചു.

യോഗം റദ്ദാക്കിയതോടെ ചിലർ അത് കെ.പി.സി.സി പ്രസിഡന്‍റിനെതിരായ ആയുധമാക്കി. ആർ.എസ്.എസുമായി ബന്ധപ്പെട്ട് അദ്ദേഹം അടുത്തിടെ നടത്തിയ പ്രസ്താവനയുടെ തുടർച്ചയായാണ് ആസാദ് അനുസ്മരണയോഗം റദ്ദാക്കിയ നടപടിയുമെന്നായിരുന്നു പ്രചരണം.

Tags:    
News Summary - Abdul kalam Azad commemoration canceled by KPCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.