കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം കാമ്പസിലേക്ക് വ്യാപിപ്പിക്കുന്നു. കേസിൽ മുഖ്യപ്രതി മുഹമ്മദിെൻറ സുഹൃത്തുക്കളായ ഇതേ കോളജിലെ രണ്ടുപേരടക്കം മൂന്ന് വിദ്യാർഥിനികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവർ മൂവരും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. പോപുലര്‍ ഫ്രണ്ടിെൻറ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിെൻറ പ്രവർത്തകരാണ് മൂവരും.
ഒളിവിലുള്ള പ്രതികൾ പോപുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള സ്ത്രീകളുടെ മൊബൈൽ നമ്പറുകളാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നതെന്ന് നേരേത്ത പൊലീസ് കണ്ടെത്തിയിരുന്നു. അഭിമന്യുവിെൻറ കൊലപാതകത്തിനുശേഷം മൂന്ന് വിദ്യാർഥിനികളും കോളജിൽ എത്തിയിട്ടില്ല. ഇവരുടെ മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. ഒളിവിലുണ്ടായിരുന്നവർ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടാവാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം, അറസ്റ്റിലായ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല അരൂക്കുറ്റി വടുതല നടുവത്ത് നഗര്‍ റോഡ് ജാവേദ് മന്‍സിലില്‍ ജെ.ഐ. മുഹമ്മദ്, കണ്ണൂര്‍ സ്വദേശി ഷാനവാസ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മഹാരാജാസിലെ വിദ്യാർഥിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂനിറ്റ് പ്രസിഡൻറുമാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിന് മുന്നിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിെൻറ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
കോളജിലെ ചുവരെഴുത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് മുഹമ്മദിെൻറ പ്രാഥമിക മൊഴി. എന്തു വിലകൊടുത്തും കാമ്പസ് ഫ്രണ്ടിെൻറ പേരിൽ ചുവരെഴുതണം എന്നായിരുന്നു എസ്.ഡി.പി.ഐ നിർദേശമെന്നും മുഹമ്മദ് മൊഴി നൽകി.
പ്രതികളെ ബുധനാഴ്ച രാത്രി വൈകിയാണ് മജിസ്ട്രേറ്റിെൻറ വസതിയില്‍ ഹാജരാക്കിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രക്ഷപ്പെട്ട ഒരു വാഹനംകൂടി പൊലീസ് ഇതിനിടെ പിടിച്ചെടുത്തു. മട്ടാഞ്ചേരി സ്വദേശി നജീബിെൻറ പേരില്‍ രജിസ്റ്റര്‍ ചെയ്ത പാസഞ്ചര്‍ ഓട്ടോറിക്ഷയാണ് ബുധനാഴ്ച ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.