കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഇവരെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നിരവധി പേരെ കരുതൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.ഡി.പി.ഐ പ്രവർത്തകർ ഉപരോധിച്ചു.
പിടിയിലായ മൂന്ന് പ്രതികളെ രാത്രി വൈകി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സാക്ഷിമൊഴികളിൽനിന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപേർ കേരളം വിട്ടതായി സംശയിക്കുന്നു. ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
കോളജിലെ മൂന്നാം വർഷ അറബിക് ബിരുദവിദ്യാർഥിയും കാമ്പസ് ഫ്രണ്ട് പ്രവർത്തകനും വടുതല സ്വദേശിയുമായ മുഹമ്മദാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിൽ രണ്ടുപേർ മാത്രമാണ് മഹാരാജാസ് വിദ്യാർഥികൾ. പോസ്റ്റർ പതിക്കാൻ പത്തോളം കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് ആദ്യം എത്തിയത്. എസ്.എഫ്.െഎ പ്രവർത്തകരുമായി തർക്കം മൂർഛിച്ചതോടെ അഞ്ചുപേരെകൂടി മുഹമ്മദ് പുറത്തുനിന്ന് വിളിച്ചുവരുത്തുകയായിരുെന്നന്നും അറിയുന്നു.
മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ (20) ഞായറാഴ്ച രാത്രി 12.30ഒാടെയാണ് കൊലപ്പെടുത്തിയത്. കോളജ് കാമ്പസിൽ ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ-എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഭിമന്യു തൽക്ഷണം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.