നിലമ്പൂർ: നിലമ്പൂരില്‍ കാരാട്ട് കുറീസ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പണം നിക്ഷേപിച്ചവരും ജീവനക്കാരും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പാലക്കാട്, നിലമ്പൂര്‍, കോഴിക്കോട്, വയനാട് ഭാഗങ്ങളിലെ 14 ബ്രാഞ്ചുകളിൽ പണം നിക്ഷേപിച്ചവരും ജീവനക്കാരുമാണ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനവുമായെത്തിയത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പിന്നീട് വിട്ടയച്ചു. സ്റ്റേഷന് മുന്നില്‍ സംഘം ചേര്‍ന്നതിനും റോഡ് ഉപരോധിച്ചതിനും കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്തു. പൊലീസ് മോശമായി പെരുമാറിയെന്നും ബലം പ്രയോഗിച്ച് കണ്ണട ഊരിയെടുത്തെന്നും മർദിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി നൗഷാദ് പറഞ്ഞു. താൻ സി.പി.എം ബ്രാഞ്ച് അംഗമാണെന്നും കാന്‍സര്‍ രോഗിയാണെന്നും പറഞ്ഞതോടെ അസഭ്യം പറഞ്ഞെന്നും വെള്ളപേപ്പറില്‍ ബലമായി പൊലീസ് ഒപ്പിട്ട് വാങ്ങിയെന്നും നൗഷാദ് പറഞ്ഞു.
കാന്‍സര്‍ ചികിത്സക്കായി സ്വരൂപിച്ച പണമാണ് നിക്ഷേപത്തട്ടിപ്പിൽ ഇയാള്‍ക്ക് നഷ്ടമായത്. ബുധനാഴ്ച രാവിലെ 11ഓടെ കാരാട്ട് കുറീസിന്റെ ജനതപ്പടിയിലെ ഓഫിസ് പരിസരത്തുനിന്നാണ് പ്രകടനമായി നിലമ്പൂര്‍ സ്റ്റേഷന് മുന്നിലേക്ക് എത്തിയത്. പ്രതിഷേധക്കാരെ തടഞ്ഞ പൊലീസ് നിലമ്പൂര്‍ സ്റ്റേഷനില്‍ പരാതി നല്കിയവരില് മൂന്നുപേരെ ചര്‍ച്ചക്ക് വിളിച്ചതോടെ മറ്റ് ബ്രാഞ്ചുകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ആവശ്യം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍, നിലമ്പൂരിലെ പരാതികള്‍ മാത്രമേ തനിക്ക് കേള്‍ക്കാന്‍ കഴിയൂവെന്ന് നിലമ്പൂര്‍ സി.ഐ രാജേന്ദ്രന് നായര്‍ പറഞ്ഞു. 200ലേറെ പേരാണ് മാർച്ചില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.