വൈത്തിരി: വ്യാഴാഴ്ച ഉച്ചക്കുശേഷം വൈത്തിരി തളിമല പാത്തിപ്പുഴ വെള്ളച്ചാട്ടത്തിലുണ്ടായ യുവാവിന്റെ ദാരുണ മരണം പ്രവേശനം നിരോധിക്കപ്പെട്ട സ്ഥലത്തേക്കുള്ള സഞ്ചാരത്തിനിടെ. വനം വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാട്ടം വൈത്തിരിയിൽനിന്നും എട്ടു കിലോമീറ്റർ ദൂരെ കുന്നിൻമുകളിലാണ്. ഇവിടെ വെള്ളം ഒഴുകുന്നിടത്ത് ചെക്ക്ഡാം നിർമിച്ചിട്ടുണ്ട്. അപകടം പതിയിരിക്കുന്ന സ്ഥലമായതിനാൽ പ്രവേശനം നിരോധിച്ചിട്ടുള്ള ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് അഭിജിത്തും ശ്രീഹരിയും 20 അടി താഴ്ചയിലേക്ക് വീണത്.
പെരുന്തട്ട സ്വദേശികളും സുഹൃത്തുക്കളുമായ എട്ടംഗ സംഘമാണ് തിരുവോണ ദിനത്തിൽ കുന്നിൻ മുകളിലെത്തിയത്. അഭിജിത്തും ശ്രീഹരിയും താഴേക്കുപതിച്ചതോടെ മറ്റുള്ളവർ ബഹളം വെക്കുകയും നാട്ടുകാർ ഓടിയെത്തുകയും ചെയ്തു. തളിമല സ്വദേശിയായ വനം വകുപ്പ് വാർഡനായ സജിലാൽ സ്ഥലത്തെത്തി വനം വകുപ്പ് ഉ ദ്യോഗസ്ഥരെ വിവരമറിയിച്ചു. സെക്ഷൻ ഓഫിസർ കെ.വി. സജിയുടെ നേതൃത്വത്തിൽ അമൽ, റഹ്മാൻ, റബീഷ്, സന്തോഷ്, ജോമി എന്നീ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൊക്കയിൽനിന്നും രണ്ടുപേരെയും പുറത്തെത്തിച്ചു. വനം വകുപ്പിന്റെ വാഹനത്തിലാണ് ഇവരെ വൈത്തിരി ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു.
തിരുവോണദിനത്തിലെ അഭിജിത്തിന്‍റെ മരണം പെരുന്തട്ടയിലെ നാട്ടുകാരെയും സുഹൃത്തുക്കളേയും കണ്ണീരിലാഴ്ത്തി. എസ്.ഐ എം. കെ. സലീമിന്റെ നേതൃത്വത്തിൽ വൈത്തിരി സ്റ്റേഷനിലെ പൊലീസുകാരായ ആഷ്‌ലിൻ, റഈസ്, നഹാസ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. നേരത്തെ തന്നെ നിരോധനമുള്ള സ്ഥലത്തേക്ക് അപകടത്തെത്തുടർന്ന് പൊതുജങ്ങൾക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. അപകടസാധ്യത കൂടിയ മേഖലയായതിനാലാണ് ഇവിടെ വിനോദ സഞ്ചാര മേഖലയായി മാറ്റാത്തതെന്നും അധികൃതർ പറഞ്ഞു. പാറക്കെട്ടുകൾ നിറഞ്ഞ പല തട്ടുകളിലായുള്ള വെള്ളച്ചാട്ടമായതിനാൽ അപകടസാധ്യത കൂടുതലാണ്.
സംഭവത്തിൽ വനം വകുപ്പും പൊലീസും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.