സംസ്ഥാനത്തെ അതിദരിദ്രരിൽ 68 ശതമാനം ഒറ്റക്ക് ജീവിക്കുന്നവർ

തൃശൂർ: തദ്ദേശവകുപ്പ് തയാറാക്കിയ അതിദാരിദ്ര്യ പട്ടികയിൽ ഇടം കണ്ടെത്തിയതിൽ 68 ശതമാനവും ഒറ്റക്ക് ജീവിക്കുന്നവർ. ഗ്രാമസഭയുടെ അംഗീകാരത്തിനു ശേഷം അന്തിമ പട്ടികയിൽ ഉൾപ്പെട്ട 64,006 കുടുംബങ്ങളിൽ 43,850 പേരാണ് കൂട്ടില്ലാതെ ജീവിതം തള്ളിനീക്കുന്നത്. ഇവയിൽ ഏറെപേരും വഴിയോരങ്ങളെയും കടത്തിണ്ണകളെയുമാണ് കിടന്നുറങ്ങാൻ ആശ്രയിക്കുന്നത്. പാതയോരങ്ങളിലെ പൈപ്പ്ലൈനിലുള്ളിലും വള്ളങ്ങളിലും താമസമാക്കിയവരും പട്ടികയിലുണ്ട്. മലപ്പുറത്താണ് ഒറ്റക്ക് താമസിക്കുന്നവർ കൂടുതലും -5458 പേർ. കുറവുള്ള കോട്ടയത്ത് 798 പേർ മാത്രമേ ഉള്ളൂ. രണ്ടുപേർ മാത്രമുള്ള 8841 കുടുംബങ്ങൾ അതിദരിദ്രരുടെ ലിസ്റ്റിലുണ്ട്. അനാഥർ, ഉപേക്ഷിക്കപ്പെട്ടവർ, രോഗം തുടങ്ങിയവയാണ് ഒറ്റപ്പെടലിന് പിന്നിലെന്നാണ് വിലയിരുത്തൽ.

മാനസികമായും ശാരീരികമായും അവശത അനുഭവിക്കുന്നവരാണ് പട്ടികയിലെ ഏറെപേരും. ഇവരെ മുഖ്യധാരയിലെത്തിക്കാൻ പദ്ധതി തയാറാക്കുമ്പോൾ ചികിത്സ- പരിപാലന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നേക്കും. കടത്തിണ്ണകളിൽ അഭയം പ്രാപിച്ചവരെ തേടി സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥരെത്തിയപ്പോൾ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയവർ ഏറെയാണ്. ഇതേതുടർന്ന് പട്ടികയിൽനിന്ന് നീക്കംചെയ്യേണ്ടിവന്നു. തദ്ദേശവകുപ്പ് കണ്ടെത്തിയ അതിദരിദ്രരുടെ പട്ടികയിൽ കൂടുതൽ അതിദരിദ്ര കുടുംബങ്ങളുള്ളത് മലപ്പുറത്താണ് -8553. മൊത്തം കുടുംബങ്ങളുടെ 0.793 ശതമാനം. തിരുവനന്തപുരമാണ് രണ്ടാമത് -7278. കോഴിക്കോട് മൂന്നാമത് -6773. അതിദരിദ്ര കുടുംബങ്ങൾ കോട്ടയത്താണ് കുറവ് -1071.

ജനസംഖ്യാനുപാതികമായി ശതമാനക്കണക്കിൽ കൂടുതൽ അതിദരിദ്രരുള്ള കുടുംബമുള്ളത് വയനാട്ടിലാണ് -2931പേർ. ഇവിടെ മൊത്തം കുടുംബങ്ങളുടെ 1.24 ശതമാനം പേരാണ് അതിദരിദ്രരായി ഉള്ളത്. അതിദരിദ്ര സർവേയിൽ ഉപഘടകങ്ങളായി പരിഗണിച്ചവയിൽ മതിയായ ഭക്ഷണം ലഭിക്കാത്തവർ -36,258. മതിയായ ആരോഗ്യസുരക്ഷ ഇല്ലാത്തത് - 42,539 കുടുംബങ്ങൾ. മതിയായ വരുമാനമില്ലാത്തവർ -60,427. കൂരയില്ലാത്തവർ -26,905 കുടുംബങ്ങൾ. അതിദരിദ്രരിൽ 2817 പട്ടികജാതി കുടുംബങ്ങൾ, 8102 പട്ടികവർഗ കുടുംബങ്ങൾ എന്നിവരും ഉൾപ്പെട്ടു. അതിദരിദ്ര കുടുംബങ്ങളുടെ അതിജീവനത്തിന് സൂക്ഷ്മപദ്ധതികൾ ആവിഷ്കരിക്കാൻ 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

Tags:    
News Summary - About 68 per cent of the state's poorest people live alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.