തൃശൂർ: വാളയാർ ചെക്ക്പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീനും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഹോം ക്വാറൻറീൻ ആവശ്യമില്ലെന്ന് തൃശൂർ ജില്ല മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.
ജില്ല മെഡിക്കൽ ഓഫിസർക്കാണ് നൽകിയത്. യോഗത്തിൽ മന്ത്രി എ.സി. മൊയ്തീനും ജില്ല കലക്ടർ എസ്. ഷാനവാസും ഉൾപ്പെടെയുള്ളവർ മുഖാവരണം ധരിച്ചതായും സാമൂഹിക അകലം പാലിച്ചതായും റിപ്പോർട്ടിലുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകടസാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് ഇവരുൾപ്പെടുക.
യോഗത്തിൽ പങ്കെടുത്തവർ സർജിക്കൽ മാസ്ക് ധരിക്കണം. പൊതുപരിപാടികൾ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. മേയ് 12 മുതൽ 26 വരെയാണിത് ബാധകം. പ്രാഥമികസമ്പർക്കത്തിലുള്ളവർക്ക് രോഗലക്ഷണം കണ്ടാൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറൻറീനിൽ പോകണം.
ടി.എൻ. പ്രതാപൻ എം.പിയുടെ ഓഫിസിൽ നടന്ന പരിപാടി, ജനറൽ ആശുപത്രിയിൽ നടന്ന നഴ്സസ് ദിനാഘോഷം എന്നിവയിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകുന്നതിനെക്കുറിച്ചും മെഡിക്കൽ ബോർഡ് പരിശോധിച്ചു. ഇതിൽ പങ്കെടുത്തവരെല്ലാം ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും ബോർഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.