ആലപ്പുഴ: ഊരാളുങ്കൽ തൊഴിലാളി സഹകരണ സംഘം മുഖേന നടപ്പാക്കുന്ന 672 കോടി രൂപയുടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണ പദ്ധതിക്കെതിരെ ജനകീയ മുന്നേറ്റത്തിന് സർക്കാർ കരാറുകാർ. ഇതോടോപ്പം 70 കോടിയുടെ അമ്പലപ്പുഴ- പൊടിയാടി റോഡ് പദ്ധതിയും മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ചതിലൂടെ പരാജയമാണെന്നാണ് കോൺട്രാക്ടേഴ്സ് അസോസിയേഷന്‍റെ ആരോപണം.
2018ലേതിനെക്കാൾ ഒരു മീറ്റർ താഴ്ചയിൽ ജലനിരപ്പുണ്ടായപ്പോൾ പോലും ഈ രണ്ടു റോഡും ഗതാഗതയോഗ്യമല്ലെന്ന് വ്യക്തമായതായും നിർമാണ ഘട്ടത്തിൽ സ്വീകരിക്കേണ്ട ഗതാഗത മാനേജ്മെന്‍റ് സംബന്ധിച്ച ഡി.പി.ആർ വ്യവസ്ഥകൾ കാറ്റിൽപറത്തിയതാണ് കുഴപ്പമായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നിർമാണ ഘട്ടത്തിൽ റോഡിൽ നാലുചക്ര വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹൈകോടതി നിർദേശം ലംഘിക്കപ്പെട്ടു. താൽക്കാലിക സമാന്തരപാലങ്ങളും പാതകളും അംഗീകൃത മാനദണ്ഡങ്ങളനുസരിച്ച് നിർമിച്ചില്ല. ഇതിലൂടെ 50 കോടിയുടെ ലാഭമെങ്കിലും കാരാറുകാരായ ഊരാളുങ്കലിന് ഉണ്ടായിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് കണ്ണമ്പള്ളി ചൂണ്ടിക്കാട്ടി. ലോകത്തൊരിടത്തും ഇല്ലാത്ത കുള്ളൻ മേൽപാലങ്ങൾ (സെമി എലിവേറ്റഡ് പാലങ്ങൾ) വെള്ളപ്പൊക്ക കാലത്ത് നോക്കുകുത്തികളാകും. അല്ലാത്തപ്പോൾ അപകടക്കെണിയും. റോഡിന്‍റെ ഭാവി വികസനത്തിന് ഇവ തടസ്സവുമാണ്.
എവറാസ്കോൺ എന്ന അസർബൈജാൻ കമ്പനിയുമായി കൂട്ടുസംരംഭമുണ്ടാക്കിയാണ് ഊരാളുങ്കൽ കരാറെടുത്തത്. എന്നാൽ, പ്രധാന കാര്യങ്ങളിലൊന്നും മുഖ്യകമ്പനിയായ എവറാസ്കോൺ ഇടപെടുന്നില്ല.മിക്ക കുള്ളൻ പാലങ്ങൾക്കു സമീപവും മതിയായ വീതിയിൽ സർവിസ് റോഡുകൾ നൽകിയിട്ടുമില്ല. കുള്ളൻ പാലങ്ങൾ പ്രധാന റോഡിൽനിന്ന് തെക്കോട്ട് തള്ളിയാണ് പണിയുന്നത്. റോഡ് ജാമീതിക്ക് വിരുദ്ധമായ ഈ നിർമാണങ്ങൾ റോഡപകടങ്ങൾക്ക് കാരണമാകും.
അമ്പലപ്പുഴ-പൊടിയാടി റോഡ് ടെൻഡറില്ലാതെ ഊരാളുങ്കലിനെ 69 കോടിക്ക് എൽപിച്ചതാണ്. ഹൈകോടതി ഇടപെട്ട് ടെൻഡർ നടത്തിപ്പിച്ചപ്പോൾ കേവലം 54 കോടിക്ക് ഊരാളുങ്കൽ തന്നെ പണി ഏറ്റെടുത്തു. കരാർ വെച്ച ശേഷം കരാർ തുക 70 കോടിയാക്കി വർധിപ്പിച്ചു നൽകുകയായിരുന്നു.
നീരേറ്റുപുറം മുതൽ പൊടിയാടി വരെയുള്ള ഭാഗമായിരുന്നു ഏറ്റവും താഴ്ന്നത്. അവിടെ കാര്യമായൊന്നും ചെയ്തില്ലെന്നത് വളരെ പ്രകടമാണ്. സാധാരണ വെള്ളപ്പൊക്കത്തിൽ പോലും ഗതാഗത തടസ്സമുണ്ടായത് അധികാരികളുടെ കണ്ണുതുറപ്പിക്കണമെന്നും ജുഡീഷൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ കൺവെൻഷൻ 16ന് രാവിലെ 10ന് രാമവർമ ക്ലബിൽ ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.