കോഴിക്കോട്: നിറയെ കുഴികൾ കാരണം അപകടം തുടർക്കഥയായ അത്തോളി-പാവങ്ങാട് റോഡിൽ സ്വന്തം ചെലവിൽ കുഴികളടച്ച് നാട്ടുകാരുടെ പ്രതിഷേധം. എരഞ്ഞിക്കൽ പഴയ ടോൾ ബൂത്തിന് സമീപം സംസ്ഥാന പാതയിൽ രൂപപ്പെട്ട ചതിക്കുഴികളാണ് നാട്ടുകാർ ചേർന്ന് അടച്ചത്. കഴിഞ്ഞ ദിവസം സ്കൂൾമുക്കിലും നാട്ടുകാർ റോഡ് നന്നാക്കിയിരുന്നു.
ടോൾ ബൂത്തിലെ വളവിൽ രൂപപ്പെട്ട റോഡിലെ കുഴിയടക്കാൻ ആഴ്ചകൾക്കു മുമ്പ് മെറ്റലിറക്കിയിരുന്നെങ്കിലും ഒന്നും നടക്കാത്തതിനാലാണ് ഇടപെടൽ. നാട്ടുകാർതന്നെ മെറ്റലും മണലും സിമൻറും എത്തിച്ചാണ് കോൺക്രീറ്റ് ചെയ്തത്. ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽ ചാടി അപകടത്തിൽപെടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം റോഡുപണിക്ക് കൂട്ടിയിട്ട മെറ്റലിൽ കയറി ഇരുചക്രവാഹനത്തിെൻറ പിൻസീറ്റിൽ സഞ്ചരിച്ച പത്ത് വയസ്സുകാരിയുടെ കാലിൽ ബസ് കയറി പരിക്കേറ്റതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
പാവങ്ങാട് മുതൽ പുറക്കാട്ടിരി പാലം വരെ റോഡ് നവീകരിക്കാൻ നാലുകോടി രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. പ്രതിഷേധത്തിന് ഗഫൂർ പൂമക്കോത്ത്, മോയിൻ ബാപ്പു, വഹാബ്, മുജീബ് തട്ടാരി, സാബിർ മുണ്ടക്കണ്ടി, ഹാരിസ് പൂമക്കോത്ത്, ജമാൽ പൂമക്കോത്ത്, നിധിൻ താഴെകാട്ടിൽ, സി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.